ആലപ്പുഴ: കായലും കടലും കെട്ടുവള്ളവും മലയും മഞ്ഞുമൊക്കെ കേരളത്തിലെ ടൂറിസത്തിന്റെ പ്രചാരണത്തിനുപയോഗിക്കുന്നതു പരിചിതമാണ്. എന്നാല്‍ ആരും നിനച്ചിരിക്കാത്ത വിഷയത്തില്‍ കേരളത്തിലെ ടൂറിസം മേഖലയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പോലെയായിരിക്കുകയാണ് അലക്സ് വെല്‍ഡര്‍ എന്ന ജര്‍മന്‍ സഞ്ചാരി. കേരളത്തിന്റെ ഐക്കോണിക് എന്നു പോലും പറയാവുന്നൊരു ഭക്ഷണമാണ് അലക്സിന്റെ വീഡിയോയിലുള്ളത്. ഈ ഭക്ഷണത്തിന്റെ കാര്യം ഉറക്കെ പറഞ്ഞാലേ വടക്കേ ഇന്ത്യയില്‍ ജനകോടികള്‍ക്കു കുരു പൊട്ടുകയും ചെയ്യും. എന്താണെന്നോ അലക്സ് എടുത്തു വീശുന്ന ഭക്ഷണം-നുമ്മടെ പ്രിയപ്പെട്ട ബീഫ് തന്നെ.
വടക്കേ ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബീഫ് എന്ന വാക്കു പറയുന്നതു പോലും ആയുസിന്റെ നീളം കുറച്ചേക്കും. ബീഫ് എന്നതിനു പശുവിന്റെയും കാളയുടെയും ഇറച്ചിയെന്നാണ് ശരിയായ അര്‍ഥമെങ്കിലും മലയാളി ബീഫ് എന്ന വാക്കിലാണ് പശുവിറച്ചിയും പോത്തിറച്ചിയുമൊക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിക്കുന്നത് പശുവിന്റെ ഇറച്ചിയാണോ പോത്തിന്റെ ഇറച്ചിയാണോ എന്നു ചിന്തിക്കുന്നവര്‍ പോലും കുറയും. ഇന്ത്യ മുഴുവന്‍ ബീഫ് നിരോധനമാണെന്ന ധാരണയിലാണ് വിദേശികള്‍ വന്നെത്തുന്നതെന്ന് അലക്സിന്റെ വീഡിയോ കണ്ടാല്‍ തോന്നുന്നതു സ്വാഭാവികം.
അലക്സിന്റെ വീഡിയോയില്‍ പറയുന്നതിങ്ങനെ
ഞാന്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. ഈ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തൊരു കാര്യം ഞാന്‍ ചെയ്യാന്‍ പോകുകയാണ്. ഞാന്‍ ബീഫ് കഴിക്കാന്‍ പോകുകയാണ്. ഇന്ത്യയില്‍ പശു ഒരു പുണ്യ മൃഗമാണ്. എന്നാല്‍ കേരളത്തില്‍ ബീഫ് വ്യാപകമായി ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഞാനിപ്പോള്‍ ആലപ്പുഴയിലെ ഒരു റസ്റ്റോറന്റിലാണ്.
ബീഫ് കേരളത്തില്‍ നിന്നു കഴിക്കുന്നതിനു മുമ്പ് ഞാനൊരു ഗവേഷണം നടത്തി. കേരളത്തില്‍ അമ്പതു ശതമാനം ജനസംഖ്യയും മുസ്ലിമുകളും ക്രിസ്ത്യാനികളുമാണ്. കേരളത്തിലെ ഹിന്ദുക്കള്‍ പോലും ബീഫ് കഴിക്കുന്നവരാണ്. ഈ ഭക്ഷണത്തിനു മുഴുവനുമായി എനിക്ക് ചെലവായത് വെറു രണ്ടു ഡോളറാണ്. വിദേശികള്‍ക്ക് ഇത്ര ചെറിയ തുക ചിന്തിക്കാന്‍ പോലുമാകില്ല. അതുകൊണ്ട് നിങ്ങള്‍ കേരളത്തിലേക്കു വരൂ.

