മുംബൈ: ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ ആദ്യമായി നൂറ് ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിച്ച് പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചരിത്രമെഴുതുന്നു. ലോക ബാങ്കിങ് രംഗത്തെ വന്‍തോക്കുകളോടു കിടപിടിക്കാന്‍ തക്ക മത്സര ശേഷിയുള്ള വലിയ ബാങ്കുകളുടെ സൃഷ്ടിക്കു ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ വിജയം കൂടിയാണിത്.
എസ്ബിഐയുടെ മൊത്തം വായ്പകളുടെ തോത് 12.7 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ 44.2 ലക്ഷം കോടി രൂപയുടെ വായ്പകളാണ് സ്റ്റേറ്റ് ബാങ്ക് വിതരണം ചെയ്തിരിക്കുന്നത്. നിക്ഷേപങ്ങളിലും വലിയ വര്‍ധന കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. 9.3 ശതമാനമാണ് നിക്ഷേപങ്ങളിലെ വളര്‍ച്ച. ഇതോടെ മൊത്തം നിക്ഷേപങ്ങള്‍ 55.9 ലക്ഷം കോടിയായി ഉയര്‍ന്നു. നിക്ഷേപങ്ങളിലെയും വായ്പകളിലെയും സംയുക്ത വളര്‍ച്ചയാണ് നൂറു ലക്ഷം കോടി പിന്നിട്ടിരിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള രണ്ടാം ത്രൈമാസത്തില്‍ എസ്ബിഐയുടെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ 20159. 67 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ നേടിയ 18331 കോടി രൂപയുടെ അറ്റാദായത്തിന്റെ സ്ഥാനത്താണ് ഈ വളര്‍ച്ച കൈവരിക്കാനായത്. ഇക്കാലയളവില്‍ പലിശയിനത്തിലുള്ള വരുമാനം 3.28 ശതമാനം വര്‍ധിച്ച് 42984 കോടി രൂപയായി. പലിശയിതര വരുമാനം 30.4 ശതമാനം ഉയര്‍ന്ന് 19919 കോടി രൂപയുമായി.

