തളിപ്പറമ്പ്: ശരിയായ സമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ സാധിക്കാതെ പോയതിന്റെ ഫലമായി കേരളത്തില്‍ ഒരു പോസ്റ്റ്പാര്‍ട്ടം രക്തസാക്ഷി കൂടി. ഇത്തവണ കേവലം മൂന്നു മാസം മാത്രം പ്രായമായ ചോരക്കുഞ്ഞിനാണ് ദുര്‍വിധി നേരിട്ടത്. അമ്മ പ്രസവാനന്തര മാനസിക വിഭ്രാന്തിയായ പോസ്റ്റ് പാര്‍ട്ടം സിന്‍ഡ്രോമിന്റെ പിടിയിലകപ്പെട്ട് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ കൊന്നു എന്നാണ് പോലീസ് പറയുന്നത്. തളിപ്പറമ്പ് കുറുമാത്തൂരിലെ ജാബിര്‍-മുബഷിറ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ് ആമിഷ് അലന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞതും അമ്മ അറസ്റ്റിലായതും. ഒരു നിമിഷ നേരത്തെ മാനസിക വിഭ്രാന്തിയില്‍ ചെയ്തു പോയതാണെന്ന് മുബഷിറ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുമ്പായിരുന്നു കുഞ്ഞിന്റെ മരണം. മാതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കിണറ്റില്‍ നിന്ന് കുട്ടിയെ ഉയര്‍ത്തിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുളിപ്പിച്ചതിനു ശേഷം എടുക്കുമ്പോള്‍ കുട്ടി കിണറ്റിലേക്കു വീണു പോയി എന്നായിരുന്നു അമ്മയുടെ മൊഴി. ആള്‍മറയും ഗ്രില്ലിന്റെ അടപ്പുമുള്ള കിണറ്റില്‍ കുഞ്ഞ് വഴുതി വീഴാനുള്ള സാധ്യത തള്ളിക്കളഞ്ഞ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചതും അതിനു പ്രേരണയായ മാനസിക സമ്മര്‍ദം വെളിപ്പെടുത്തിയതും. അറസ്റ്റിലായ മുബഷിറയെ പോലീസ് കോടതിയില്‍ ഹാജരാക്കി ശേഷം റിമാന്‍ഡ് ചെയ്തു.

