കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലനില്പ് ഇനിയെത്ര നാള് എന്ന ആശങ്കയേറ്റിക്കൊണ്ട് യാത്രക്കാരുടെ എണ്ണത്തിലും കുത്തനെ ഇടിവുണ്ടാകുന്നു. വിമാനത്താവളം തുടങ്ങുകയും പ്രവര്‍ത്തന സജ്ജമാക്കുകയും ചെയതതിനപ്പുറം അതിന്റെ ലാഭകരമായ നിലനില്പ് ആരുടെയും വികസന അജന്‍ഡകളില്‍ ഉള്‍പ്പെടാത്തതാണ് നിലവിലെ ദുരവസ്ഥയ്ക്കു കാരണം. കഴിഞ്ഞ മാസത്തിലെ മൊത്തം യാത്രക്കാരുടെ എണ്ണം ലഭ്യമായിട്ടില്ലെങ്കിലും തൊട്ടു തലേ മാസമായ സെപ്റ്റംബറില്‍ 19133 യാത്രക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 15946 പേരും വിദേശങ്ങളിലേക്കു പോകേണ്ടവരാണ്. കണ്ണൂരില്‍ നിന്നു വിമാനം കയറുന്നില്ലെങ്കില് ഇവരൊക്കെ മംഗലാപുരത്തു നിന്നോ കോഴിക്കോടു നിന്നോ യാത്ര പോകുമെന്നുറപ്പ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണവും കുറഞ്ഞു-3187 യാത്രക്കാരുടെ കുറവ്.
മസ്കറ്റ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ അവസാനിപ്പിച്ചതാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ദേശീയ വ്യോമയാന വകുപ്പ് സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ യഥാര്‍ഥ പ്രതിസന്ധി. എന്നാല്‍ ഇതിനെതിരേ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ത്താന്‍ ആരും തയാറാകുന്നില്ല എന്നത് മറ്റൊരു ദുരവസ്ഥ. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒരു മാസത്തിനിടെ മാത്രം കുറഞ്ഞത് 39 സര്‍വീസുകളാണ്. വെട്ടിക്കുറച്ചതെല്ലാം വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളായിരുന്നു. ഇവയുണ്ടായിരുന്ന സമയത്ത് കര്‍ണാടകത്തില്‍ നിന്നു വരെ യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തിലായിരുന്നു യാത്രയ്ക്കായി എത്തിയിരുന്നത്. ഇപ്പോള്‍ അവരെയൊന്നും ഈ വഴി കാണാന്‍ പോലുമില്ല. ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ വീണ്ടും 42 സര്‍വീസുകള്‍ കൂടി വെട്ടിക്കുറച്ചിരിക്കുകയുമാണ്. ഇതിനെതിരേയും പതിവുപോലെ രാഷ്ട്രീയ നേതൃത്വത്തിന് അനങ്ങാപ്പാറ നയം തന്നെ.

