ദുബായ്: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്തിറങ്ങുമ്പോള്‍ ഒരു മലയാളി മുഖം ശ്രദ്ധേയമാകുന്നു. റിസ്ക് ആര്‍ട്ട് ഇനിഷ്യേറ്റിവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലിയാണ് മലയാളത്തിന്റെ അഭിമാനമായി ഈ പട്ടികയിലുള്ളത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയുടെ പുത്രിയായ ഷഫീന ബിസിനസിനൊപ്പം കലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയയാണ്. കലാകാരന്മാര്ക്ക് പിന്തുണ നല്‍കിയാണ് ഇവര്‍ റിസ്ക് ആര്‍ട്ട് ഇനിഷ്യേറ്റിവ് സ്ഥാപിച്ചത്.
കേരളത്തിലെയും ഗള്‍ഫിലെയും കലാകാരന്മാര്ക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങള്‍ ലഭ്യമാക്കിയുമാണ് റിസ്ക് ആര്‍ട്ട് ഇനിഷ്യേറ്റിവിന്റെ പ്രവര്‍ത്തനം. ലുലു ഫിനാന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദാണ് ഷഫീനയുടെ ഭര്‍ത്താവ്.
അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യുകെയിലെ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും കേംബ്രിഡ്ജില്‍ നിന്ന് എംഎയും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ബിസിനസിനൊപ്പം പിഎച്ച്ഡിയും ചെയ്തു വരുന്നു.
ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗ്തിയാനി. അപ്പാരല്‍ ഗ്രൂപ്പ് സ്ഥാപക സീമ വേദ് എന്നിവരാണ് ഈ പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ വനിതകള്‍. പവര്‍ വിമന്‍ എന്ന പേരില്‍ ഈ പട്ടിക തയാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത് ടൈംസ് ഗ്രൂപ്പാണ്.

