അമേരിക്കന്‍ സര്‍ക്കാരിന്റെ അടച്ചുപൂട്ടല്‍ സമസ്ത ജീവിത മേഖലകളെയും ബാധിക്കുന്ന അവസ്ഥയിലേക്കെത്തുന്നു. ഏറ്റവുമൊടുവില്‍ ലോകമാകെ ഈ വിഷയം ചര്‍ച്ചയ്ക്കെത്തുന്നത് വിമാന ഗതാഗതത്തെ പോലും ഇതു ബാധിച്ചതോടെയാണ്. വിമാനത്താവളങ്ങളില്‍ എയര്‍ ട്രാഫിക് കണ്ട്രോളര്മാരില്ലാത്തതിനാല് 5000 വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചതായി വിവരം. നിലവില്‍ 13000 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും 50000 ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റര്‍മാരുമാണ് ശമ്പളമില്ലാതെ പണിയെടുക്കേണ്ടിവരുന്നത്. ഇക്കാരണത്താല്‍ തിങ്കളാഴ്ചമാത്രം 2900 വ്യോമഗതാഗത സര്‍വ്വീസുകളും വാരാന്ത്യത്തില്‍ 5000 സര്‍വീസുകളുമാണ് തടസ്സപ്പെട്ടത്.
ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സില്നിന്നുള്ള വിവരമനുസരിച്ച് ഏകദേശം 32 ലക്ഷത്തോളം ആളുകളെ ബാധിച്ച ഈ വ്യോമഗതാഗതക്കുരുക്ക് അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയെത്തന്നെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. വ്യവസായ വൃത്തങ്ങളില്‍നിന്നു വരുന്ന വാര്‍ത്തകളും അതു ശരിവയ്ക്കുന്നു. 500 ഓര്‍ഗനൈസേഷനുകള്‍ ഒപ്പുവച്ച് അമേരിക്കന്‍ ട്രാവല്‍ അസോസിയേഷന് എത്രയും പെട്ടെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. വ്യോമഗതാഗതത്തിന്റെ പ്രാഥമികലക്ഷ്യം യാത്രക്കാരുടെ സുരക്ഷിതത്വമാണെന്നും അതിനു കോട്ടം തട്ടുന്ന യാതൊന്നും സംഭവിക്കില്ലെങ്കിലും, അനാവശ്യമായി യാത്രക്കാര്‍ വലിയ വിലകൊടുക്കേണ്ട സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നെന്ന് ട്രാവല്‍ അസോസിയേഷന് പറയുന്നു.

