ദുബായ്: അന്താരാഷ്ട്ര ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. കഴിഞ്ഞ ഞായറാഴ്ച സമാപിച്ച ലോക കപ്പില്‍ 571 റണ്‍സ് നേടി ടോപ് സ്കോററായ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് രണ്ട് സ്ഥാനം മുന്നേറി ഒന്നാമതെത്തി. ഇതു വരെ ഒന്നാം സ്ഥാനത്തായിരുന്ന സ്മൃതി ഇതോടെ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു.
ലോക കപ്പിന്റെ സെമിയില്‍ ഇടിവാളു പോലെ ആഞ്ഞടിച്ച ജെമീമ റോഡ്റിഗ്സിനും ലഭിച്ചു സ്ഥാനക്കയറ്റം. ജമീമ ഇപ്പോള്‍ പത്താം സ്ഥാനത്താണ്, പത്തൊമ്പതാം സ്ഥാനത്തു നിന്നാണ് ഒറ്റയടിക്ക് ജമീമ പത്തിലേക്ക് കുതിച്ചെത്തിയത്. സെമിയിലെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയിലും ജമീമയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുകയാണെന്നും പറയുന്നു. അനൗപചാരികമായി പറയുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ജമീമയെ മോഡലായി ലഭിക്കാന്‍ പല കമ്പനികളും മത്സരിക്കുകയാണത്രേ. അതിനൊപ്പം താരം തന്റെ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. ഒരു പരസ്യത്തില്‍ മോഡലാകുന്നതിന് ഒന്നര കോടി വരെയാണത്രേ ചോദിക്കുന്നത്.

