വാഷിങ്ടന്‍: മാര്‍ക്ക് സൂക്കര്‍ബര്‍ഗ് കോടീശ്വരനായത് ഇരുപത്തിമൂന്നാം വയസിലാണെങ്കില്‍ അതിലും ഒരു വയസിനു താഴെ ഇരുപത്തിരണ്ടാം വയസില്‍ കോടീശ്വരന്മാരായിരിക്കുകയാണ് മൂന്ന് ഇന്ത്യന്‍ വംശജരായ ചെറുപ്പക്കാര്‍. സൂക്കര്ബര്ഗുമായി മറ്റൊരു കാര്യത്തില്‍ കൂടി സാമ്യം പങ്കിടുന്നുണ്ട് ഇവര്‍. കോളജ് പഠനം പാതിയില്‍ നിര്‍ത്തി സ്വന്തം അഭിനിവേശത്തെ പിന്തുടര്ന്നാണ് ഇവരും കോടിപതികളായിരിക്കുന്നത്.
എഐ മോഡലുകള്‍ക്ക് പരിശീലനം നല്കുന്ന സ്റ്റാര്‍ട്ടപ് സംരംഭമായ മെര്‍ക്കറിന്റെ സ്ഥാപകരായ ബ്രെന്റര്‍ ഫുഡി, ആദര്‍ശ് ഹയര്‍മാത്, സൂര്യ മിഥ എന്ന ചെറുപ്പക്കാര്‍ക്ക് സംരംഭം ആരംഭിക്കുമ്പോള്‍ സ്വന്തം നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു കൈമുതല്‍. ഇവരുടെ കമ്പനിയുടെ മൂല്യം ഇപ്പോള്‍ ഒരു കോടി കടന്നിരിക്കുകയാണ്. എഐയുടെ വസന്തകാലത്ത് അതിലേക്ക് ഇറങ്ങാനായി എന്നതാണ് ഇവരുടെ വിജയത്തിനു പിന്നിലുള്ള മറ്റൊരു കാര്യം. കോളജ് പഠനം തീരാന്‍ നോക്കിയിരുന്നെങ്കില്‍ എഐയുടെ വണ്ടി ഇവര്‍ക്കു മിസ് ആകുമായിരുന്നു എന്നു ചുരുക്കം. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പനികള്‍ക്ക് ജോലിക്ക് അപേക്ഷിക്കുന്നവരുടെ റെസ്യൂമെ പരിശോധിച്ചു കൊടുക്കുന്ന ചെറിയ തോതിലുള്ള സംരംഭവുമായാണിവര് കളത്തിലിറങ്ങുന്നത്. സോഫ്റ്റ്വെയര് എന്‍ജിനിയര്‍മാരെയും മാത്തമറ്റീഷന്മാരെയും നിയമിക്കുന്ന കമ്പനികള്‍ക്കു മാത്രമായിരുന്നു തുടക്കത്തില്‍ ഇവരുടെ സേവനങ്ങള്‍ നല്‍കിയിരുന്നത്.
പിന്നീട് മറ്റു പല കമ്പനികളും അവരുടെ ചാറ്റ്ബോട്ടുകളെ പരിശീലിപ്പിക്കുന്ന ഉത്തരവാദിത്വം ഇവരെ ഏല്പിക്കുകയായിരുന്നു. അതോടെയാണ് പുതിയൊരു മേഖലയുടെ സാധ്യത ഇവര്‍ മനസിലാക്കുന്നതും അതിലേക്ക് ശ്രദ്ധയൂന്നുന്നതും. പിന്നീട് വിജയിച്ചതും ഇതേ മേഖലയില്‍ തന്നെ. ഒടുവിലിതാ ഇക്കൊല്ലത്തെ മുപ്പതു വയസില്‍ താഴെ പ്രായമുള്ള കോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയില്‍ ഇവരും ഇടംപിടിച്ചിരിക്കുന്നു. പഠനം ഉപേക്ഷിച്ച് സ്റ്റാര്‍ട്ടപ് തുടങ്ങുന്നത് 2023ലാണെങ്കില്‍ കോടീശ്വരന്മാരായത് ഇക്കൊല്ലവും. വെറു രണ്ടു വര്‍ഷം കൊണ്ടു കൈവരിച്ച വളര്‍ച്ചയാണിത്.

