വാഷിങ്ടന്‍: ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരനെ ഒടുവില്‍ കുറ്റക്കാരനെന്നു കണ്ടെത്തി വിട്ടയച്ച കോടതി തന്നെ ഇയാളുടെ നാടുകടത്തലിനും തടയിട്ട് രംഗത്തെത്തിയിരിക്കുന്നു. ഇരുപത്തിമൂന്നാം വയസില്‍ അമേരിക്കയില്‍ ജയിലിലാകുകയും അറുപത്തിനാലാം വയസില്‍ സത്യം ബോധ്യപ്പെട്ട് അഴികള്‍ക്കുള്ളില്‍ നിന്നു പുറത്തിറങ്ങുകയും ചെയ്ത സുബ്രമണ്യ വേദത്തിന് തല്‍ക്കാലം കോടതി രക്ഷയ്‌ക്കെത്തിയെങ്കിലും രക്ഷ എത്ര നാള്‍ നീണ്ടു നില്‍ക്കുമെന്ന ആശങ്ക മാത്രം ബാക്കി.
യുഎസില്‍ സ്ഥിര താമസക്കാരനായിരുന്ന സുബ്രമണ്യം ജയിലിലാകുന്നത് 1982ല്‍. സുഹൃത്തായിരുന്ന കെന്‍സര്‍ എന്ന യുവാവിനെ കൊലപ്പെടുത്തി എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. കൊല്ലപ്പെടുന്നതിനു മുമ്പ് കെന്‍സറിനെ അവസാനമായി കണ്ടത് ഇയാളായിരുന്നു എന്നതാണ് കേസിന് ആസ്പദമായ തെളിവ്. മറ്റു യാതൊരു തെളിവും സാക്ഷിമൊഴിയും ഇല്ലാതിരുന്നിട്ടു കൂടി കോടതി ഇയാളെ കൊലപാതകത്തിനു ശിക്ഷിച്ച് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാള്‍ കുറ്റക്കാരനല്ലെന്നു സ്ഥാപിക്കുന്ന പുതിയ തെളിവ് വക്കീല്‍ കോടതിയില്‍ എത്തിക്കുന്നത്. അതു ബോധ്യമായ പെന്‍സില്‍വാനിയ കോടതി ഇയാളെ ജയിലില്‍ നിന്നു പുറത്തിറക്കുകയും ചെയ്തു.
എന്നാല്‍ പുറത്തിറങ്ങിയതിനൊപ്പം ഇമിഗ്രേഷന്‍ വകുപ്പിന്റെ പിടിയിലാകുകയും അനധികൃത താമസമെന്ന കുറ്റത്തിന് അലക്‌സാന്‍ഡ്രിയയിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് കഴിഞ്ഞ മാസം ഇയാളെ മാറ്റുകയും ചെയ്തു. ജയിലിലായിരുന്ന സമയത്ത് വീസ പുതുക്കല്‍ പോലെയുള്ള കാര്യങ്ങളൊന്നും നടന്നിരുന്നില്ല. നാടുകടത്തലിനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് കോടതി തന്നെ ഇയാളുടെ രക്ഷയ്ക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഇമിഗ്രേഷന്‍ അപ്പീല്‍ ബോര്‍ഡ് കേസില്‍ തീരുമാനമെടുക്കുന്നതു വരെ നാടുകടത്തരുത് എന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ ബോര്‍ഡിന്റെ ഉത്തരവ് പ്രതികൂലമാണെങ്കില്‍ രാജ്യം വിടുകയല്ലാതെ മറ്റൊരു പോംവഴിയും സുബ്രമണ്യത്തിനു മുന്നിലുണ്ടാകില്ല എന്നതാണ് വാസ്തവം. ജയിലിലായിരുന്ന സമയത്ത് പഠിച്ച് ബിരുദങ്ങള്‍ സമ്പാദിച്ചുവെന്നതും സഹ തടവുകാരെ ഇക്കാലമത്രയും പഠിപ്പിച്ചു എന്നതുമൊക്കെയാണ് ഇയാള്‍ക്ക് അനുകൂല ഘടകങ്ങളായി കോടതി പരിഗണിച്ചിരിക്കുന്നത്.

