റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ ടീമില്‍ സൂര്യവന്‍ശി, പ്രിയാന്‍ഷ് ആര്യ ഇന്‍, സഞ്ജു സാംസന്‍ ഔട്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടീനേജ് പ്രതിഭ വൈഭവ് സൂര്യവന്‍ശിക്ക് ഡബിള്‍ പ്രൊമോഷനും സൂപ്പര്‍ ഓപ്പണറും മലയാളിയുമായ സഞ്ജു സാംസന് അവഗണനയുമായി റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിക്കപ്പെട്ടു. അടുത്തയിടെ ഓസ്‌ട്രേലിയയില്‍ നടന്ന അണ്ടര്‍ 19 ഏകദിന സീരീസില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ഓസീസിനെ കെട്ടുകെട്ടിച്ച കൗമാര ബാറ്റര്‍ വൈഭവ് സൂര്യവന്‍ശി മുതിര്‍ന്നവരുടെ ദേശീയ ടീമില്‍ അംഗമായിരിക്കുകയാണ്. ഇനി സൂര്യവന്‍ശി യുഗം ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരംഭിക്കുന്നതിന്റെ നാന്ദിയായി റൈസിങ് സ്റ്റാര്‍സ് ടീം തിരഞ്ഞെടുപ്പ് മാറുകയാണ്. നിലവില്‍ പതിനാലു വയസ് പൂര്‍ത്തിയായതേയുള്ള വൈഭവിന്.

അതേ സമയം സഞ്ജു സാംസനോടുള്ള അവഗണന അതിന്റെ പരകോടിയില്‍ എത്തിയിരിക്കുന്ന ടീം സിലക്ഷന്‍ കൂടിയാണ് നടന്നിരിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും രണ്ടാമത് കളിയില്‍ ഓപ്പണര്‍ സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. മൂന്നാമത് കളിയിലാണെങ്കില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതേയില്ല. ഇപ്പോള്‍ റൈസിങ് സ്റ്റാര്‍സ് ടീമില്‍ പോലും കയറ്റിയില്ല. നിലവില്‍ സഞ്ജുവിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതും സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഇടിച്ചു കയറിയതുമായ ജിതേഷ് ശര്‍മയാണ് ഖത്തറില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക.

വൈഭവിനു പുറമെ പുതുതലമുറയിലെ വേറെയും കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎലില്‍ പഞ്ചാബിനായി കളിക്കുന്ന ബാറ്റര്‍ പ്രിയാന്‍ഷ് ആര്യയാണ് ഇങ്ങനെ എത്തിയിരിക്കുന്ന മറ്റൊരാള്‍.

Leave a Reply

Your email address will not be published. Required fields are marked *