ബിലാസ്പൂര്‍: മെമു ട്രെയിന്‍ ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചുകയറി ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ ജയറാംനഗര്‍ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മെമു ട്രെയിനിന്റെ ആദ്യ കോച്ച് ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട വിവരം പുറത്തെത്തിയ ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം ഉറപ്പാക്കി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഒരേ ട്രാക്കിലൂടെയായിരുന്നു രണ്ടു ട്രെയിനകളും വന്നതെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അത് സിഗ്നിലിങ് സംവിധാനത്തിലെ പിഴവായിരിക്കാം എന്ന ധാരണയാണ് ബലപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് ബിലാസ്പൂര്‍-കാട്‌നി റൂട്ടിലെ തീവണ്ടി ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

