പത്താം സി എസ് സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തീപ്പൊരി എഫ് സിക്കും കാന്റ്റര്‍ബറി എസ് സിനും വിജയം

സെവന്‍ ഹില്‍സ് ലാന്‍ഡന്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന സെവന്‍സ് ടൂര്‍ണമെന്റില്‍, മഴയത്തും ഗോളുകളുടെ തീമഴ പെയ്യിച്ച് തീപ്പൊരി എഫ് സി ഓള്‍ ഏജസ് ചാമ്പ്യന്മാരായി. അനുഭവസമ്പത്തും കരുത്തും പരീക്ഷിക്കപ്പെട്ട വാശിയേറിയ ഓവര്‍ 35 എസ് വിഭാഗത്തില്‍, ആതിഥേയരായ ക്യാന്റ്റര്‍ബറി എസ് സി കപ്പില്‍ മുത്തമിട്ടു.

അവസാന നിമിഷം വരെ ഉദ്വേഗജനകമായിരുന്ന ഓള്‍ ഏജസ് കലാശപ്പോരാട്ടം ഷൂട്ട്ഔട്ടിലേക്ക് നീങ്ങി. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോള്‍ വീതം നേടി സമനിലയിലെത്തിയ ഫൈനല്‍ മത്സരം, പെനാല്‍റ്റികളില്‍ തീപ്പൊരി സ്വന്തമാക്കി.

സി എസ് സി കപ്പിന്റെ പത്തു വര്‍ഷത്തെ സമ്പന്നമായ ചരിത്രത്തില്‍ ആദ്യമായി കിരീടം ഉയര്‍ത്തിയ ആതിഥേയരായ ക്യാന്റ്റര്‍ബറി എസ് സിക്കിത് മറക്കാനാവാത്ത നിമിഷമായി.

സിഡ്‌നിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമായ ഈ ടൂര്‍ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഒത്തുചേര്‍ന്ന എല്ലാവര്‍ക്കും, ആദ്യാവസാനം പിന്തുണയുമായി കൂടെയുണ്ടായിരുന്ന സ്‌പോണ്‍സര്‍മാര്‍ക്കും ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷഫര്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഓസ്‌ട്രേലിയയിലാകെ നിന്നുള്ള പതിനാലു ടീമുകള്‍ മാറ്റുരച്ച ഈ ടൂര്‍ണമെന്റ്, സമൂഹത്തിന്റെ വിവിധ മേഖലയിലെ ആളുകളെ ഒന്നിച്ചു കൊണ്ടുവരുന്നതില്‍ ഫുട്‌ബോളിന്റെ ശക്തിയും പങ്കും അടിവരയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *