സിഡ്നി: നേപ്പാളിലെ ഹിംലുങ് ഹിമാല്‍ പര്‍വതം കയറുന്നതിനുള്ള ശ്രമത്തിനിടെ ഓസ്ട്രേലിയന്‍ പര്വതാരോഹകന് അന്തരിച്ചു. കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തെത്തിന് ഏതാനും മീറ്റര്‍ മാത്രം ചുവടെ രോഗബാധിതനായി വീഴുകയായിരുന്നു. ചിന് ടാര്‍ക് ചാന് എന്ന നാല്പത്തൊമ്പതുകാരനാണ് മരിച്ചത്. 7126 മീറ്റര്‍ ഉയരമുള്ള പര്‍വതമാണ് കയറുന്നതിനു തീരുമാനിച്ചത്. എന്നാല്‍ 6800 മീറ്റര്‍ ഉയരത്തിലെത്തിയപ്പോഴാണ് രോഗബാധയുണ്ടാകുന്നത്. ഇതോടെ ഒപ്പമുണ്ടായിരുന്ന ഷെര്‍പ്പ ഗൈഡുകള്‍ താങ്ങിപ്പിടിച്ച താഴേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലു ഏതാനും ചുവടുകള്‍ മാത്രമാണ് വയ്ക്കാനായത്. അപ്പോള്‍ത്തന്നെ വീണു മരിക്കുകയായിരുന്നു.
അത്രയധികം ഉയരത്തിലായിരുന്നതിനാലും കാലാവസ്ഥ അങ്ങേയറ്റം പ്രതികൂലമായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനത്തിന് പരിമിതികളേറെയായിരുന്നു. 6500 മീറ്റര്‍ ഉയരത്തിലുണ്ടായിരുന്ന ക്യാമ്പ് 3 വരെയാണ് ജീവനോടെ എത്തിക്കാന്‍ സാധിച്ചതെന്ന് പര്‍വതാരോഹകരോടൊപ്പം രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്ന ഗ്ലോബല്‍ റസ്ക്യൂവിലെ അംഗങ്ങള്‍ പറയുന്നു. ഏറെ പരിചയ സമ്പന്നനായ പര്‍വതാരോഹകനായിരുന്നു ചാന്. പല തവണ നേപ്പാളിലെ പര്‍വതങ്ങള്‍ കയറിയിട്ടുണ്ട്.

