തദ്ദേശ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നും നാളെയും അവസാന അവസരം, പ്രവാസികള്‍ക്കും അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മാസം നടക്കുമെന്നു പ്രതീക്ഷിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസാന അവസരം ഇന്നും നാളെയും. അന്തിമ വോട്ടര്‍ പട്ടിക കഴിഞ്ഞ മാസം 25നു പ്രസിദ്ധീകരിച്ചിരുന്നതാണ്. അതില്‍ പേരില്ലാത്തവര്‍ക്കാണ് ഇനിയുമുള്ള അവസരം ഉപയോഗപ്പെടുത്താനാവുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പ്രവാസികളായ ഇന്ത്യക്കാര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

അര്‍ഹതയില്ലാതെ വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയവരുടെ പേരുകള്‍ ഒഴിവാക്കുന്നതിനും ഈ അവസാന അവസരം ഉപയോഗപ്പെടുത്താം. അതിനും ഇന്നും നാളെയുമാണ് അവസാന അവസരം. പേരു ചേര്‍ക്കുന്നതിനൊപ്പം രേഖകളില്‍ ചേര്‍ത്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇതേ അവസരം ഉപയോഗപ്പെടുത്താം. ഇതനുസരിച്ചുള്ള തിരുത്തലുകള്‍ വരുത്തിയ അന്തിമ വോട്ടര്‍ പട്ടിക ഈ മാസം പതിനാലിനാണ് പ്രസിദ്ധീകരിക്കുന്നത്.

2025 ജനുവരി ഒന്നിനോ അതിനു മുമ്പോ പതിനെട്ടു വയസു പൂര്‍ത്തിയാക്കിയവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് അവസരമുള്ളത്. പേരു ചേര്‍ക്കുന്നതിനും പേരു നീക്കം ചെയ്യുന്നതിനും പ്രവാസി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *