കാബൂള്‍: അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് വന്‍തോതിലുള്ള ഭൂചലനം. ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മസര്‍ ഇ ഷെരിഫില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അതിശക്തമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. കെട്ടിടങ്ങളും മരങ്ങളുമെല്ലാം പിടിച്ചു കുലുക്കിയ ഭൂചലനത്തില്‍ ഏഴുപേര്‍ മരിക്കുകയും നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രികളില്‍ എത്തിച്ചവരുടെ മാത്രം കണക്കാണിത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
മസര്‍ ഇ ഷെരീഫില്‍ ഭൂമിയുടെ 28 കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനങ്ങള്‍ അയല്‍ രാജ്യങ്ങളായ തുര്‍ക്കമെനിസ്ഥാന്‍, കസാഖ്സ്ഥാന്‍ എന്നിവിടങ്ങള്‍ വരെയെത്തി. അഫ്ഗാനിസ്ഥാനില്‍ രണ്ടു മാസം മുമ്പും അതിശക്തമായ ഭൂചലനമാണുണ്ടായത്. അന്ന് ആയിരത്തിലധികം ആള്‍ക്കാര്‍ മരിച്ചുവെങ്കിലും ഇത്തവണ മരണസംഖ്യ തീരെ കുറഞ്ഞു.

