ഹൈദരാബാദ്: തെലങ്കാനയില്‍ അമിതവേഗതയിലെത്തിയ ട്രക്കും ബസും കൂട്ടിയിടിച്ച് വന്‍ ദുരന്തം. ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഇരുപതു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രംഗറെഡ്ഡി ജില്ലയിലെ ഖാനാപൂര്‍ ഗേറ്റിനു സമീപമായിരുന്നു അപകടം. തണ്ടൂരില്‍ നിന്നു ഹൈദരാബാദിലേക്കു പോകുകയായിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് അമിത വേഗതയില്‍ തെറ്റായ ദിശയില്‍ നിന്നെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുന്നത്. ട്രക്കിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടും.
്ട്രക്കില്‍ നിര്‍മാണപ്രവര്‍ത്തനത്തിനുള്ള കരിങ്കല്‍ മെറ്റലാണ് ഉണ്ടായിരുന്നത്. ബസുമായുള്ള ഇടിയില്‍ ട്രക്കിന്റെ മുന്‍ഭാഗം തകരുകയും കല്‍ക്കഷണങ്ങള്‍ അപ്പാടെ ബസിനുള്ളിലേക്കു വീഴുകയുമായിരുന്നു ഉണ്ടായത്. നാല്‍പതു ടണ്ണോളം മെറ്റലാണ് ട്രക്കില്‍ ലോഡ് ചെയ്തിരുന്നത്. ബസ് യാത്രക്കാരായ മരിച്ചവരെല്ലാം ഇതിനടിയില്‍ പെട്ടാണ് ശ്വാസം കിട്ടാതെ പ്രാണന്‍ വെടിഞ്ഞത്. ബസിനുള്ളില്‍ നിന്ന് ആര്‍ക്കും പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു കല്‍ച്ചീളുകള്‍ നിറഞ്ഞത്.

