മുംബൈ: ഏകദിന വനിതാ ക്രിക്കറ്റ് ലോക കപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യന്‍ ടീമിന് വന്‍ സമ്മാനം പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ). കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി അമ്പത്തൊന്നു കോടി രൂപയുടെ സമ്മാനമാണ് ബിസിസിഐയുടെ ഓഫര്‍. ലോകകപ്പ് വിജയം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതായി അഭിപ്രായപ്പെട്ടുകൊണ്ട് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ആണ് സമ്മാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
വനിതാ ലോകകപ്പ് വിജയികള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചത്. ജേതാക്കള്‍ക്ക് സമ്മാനമായി ലഭിക്കുക 39.55 കോടി രൂപയാണ്. 19.77 കോടി രൂപ റണ്ണേഴ്സ് അപ്പിനു ലഭിക്കും. എല്ലായിനത്തിലുമായി ഐസിസി ചെലവഴിക്കുന്ന സമ്മാനത്തുക 122.5 കോടി രൂപ. ചുരുക്കത്തില്‍ ഇന്ത്യന്‍ ടീമിന് കീര്‍ത്തിക്കു പുറമെ കൈനിറയെ പണം കൂടി ലഭിക്കുന്ന വിജയമാണ് കൈപ്പിടിയിലൊതുങ്ങിയിരിക്കുന്നത്.

