ലണ്ടന്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്നു രക്ഷപെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാറിന് അപകടം സമ്മാനിച്ചത് മാനസിക വെല്ലുവിളി. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്ന മാനസിക പ്രശ്നത്തിലാണ് അദ്ദേഹം അകപ്പെട്ടിരിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അപകടത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളിലാണ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ ഇപ്പോഴും ജീവിക്കുന്നത്.
ഇതിന്റെ ഭാഗമായി രണ്ടു തരത്തിലുള്ള പ്രശ്നങ്ങളാണ് ഇയാള്‍ പ്രകടിപ്പിക്കുന്നത്. സദാ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ മാത്രമാണ് താല്പര്യപ്പെടുന്നത്. യാതൊരു തരത്തിലുള്ള സാമൂഹ്യ സമ്പര്‍ക്കത്തിനും ശ്രമിക്കുന്നതേയില്ല. അതേ പോലെ ഏറ്റവും അടുത്ത വ്യക്തികളുമായുള്ള ബന്ധം പോലും മുറിക്കാന്‍ ശ്രമിക്കുകയാണ്. ലണ്ടനിലെ വസതിയില്‍ ഭാര്യയോടും മകനോടും പോലും ഒന്നും സംസാരിക്കാതെ അവരില്‍ നിന്ന് കൃത്യമായ അകലം പാലിച്ചാണ് വിശ്വാസിന്റെ ജീവിതം. ഈ മാനസിക നില ചികിത്സ വേണ്ട കാര്യമാണെങ്കിലും അതിന് വിശ്വാസ് തയാറാകുന്നുണ്ടോ എന്ന കാര്യം ആരും വ്യക്തമാക്കിയിട്ടില്ല.
വിശ്വാസ് കുമാറിനൊപ്പം സഹോദരനും അന്നേ ദിവസം വിമാനത്തിലുണ്ടായിരുന്നതാണ്. മറ്റു യാത്രക്കാര്‍ക്കൊപ്പം സഹോദരനും മരണത്തിനു കീഴടങ്ങുകയായിരുന്നു. 11 എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് മാത്രമാണ് അപകടത്തില്‍ നിന്നു രക്ഷപെടുന്നത്. സീറ്റിന്റെ വശത്തെ ഗ്ലാസ് പൊട്ടിയതിലൂടെയോ പൊട്ടിച്ചോ ഇയാള്‍ പുറത്തു കടക്കുകയായിരുന്നെന്ന് കരുതുന്നു.

