മുംബൈ: ഒന്നില്‍ തെറ്റിയാല്‍ മൂന്നില്‍, രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു പോയ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം പൊരുതി നേടി ഇന്ത്യ. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു തോല്പിച്ച് ഇന്ത്യ കന്നിക്കിരീടം സ്വന്തമാക്കി. ആദ്യ ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കയും ആദ്യ കിരീടത്തിനായി കരുളുറപ്പോടെ ഇറങ്ങിയ ഇന്ത്യയും മികച്ച കളി തന്നെ പുറത്തെടുത്ത മത്സരത്തില്‍ ഉടനീളം മേധാവിത്വം പുലര്‍ത്താനായത് ആതിഥേയര്‍ക്കു തന്നെ. അതേ ആധിപത്യം കിരീടമുറയ്ക്കുവോളം കാത്തുസൂക്ഷിക്കാനുമായി. ഹര്മന് പ്രീത് കൗറിനും സഹപോരാളികള്‍ക്കും ഇന്ത്യന്‍ കായികലോകത്തിന്റെ അഭിനന്ദന പ്രവാഹം.
ചെറിയ തോതില്‍ പെയ്ത മഴ കളിയുടെ രസം കെടുത്തുമോയെന്ന ആശങ്കകള്‍ക്കിടയില്‍ രണ്ടു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചതെങ്കിലും ഓവറുകളുടെ എണ്ണം കുറയ്ക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയയ്ക്കുകയാണ് ചെയ്തത്. നിശ്ചിത അമ്പത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 298 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 45.3 ഓവറില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്. അതിനകം എല്ലാ വിക്കറ്റുകളും നഷ്ടമായിരുന്നു.
ഷെഫാലി വര്‍മയുടെയും ദീപ്തി ശര്‍മയുടെയും മികവ് ബാറ്റിങ്ങിലെന്നതു പോലെ ബൗളിങ്ങിലും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി. ഓപ്പണറായി ബാറ്റ് ചെയ്യാനിറങ്ങിയ ഷെഫാലി 87 റണ്‍സാണ് അടിച്ചു കൂട്ടിയത്. ബൗളിങ്ങിലാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിലപ്പെട്ട വിക്കറ്റുകളാണ് വീഴ്ത്തിയത്. ദീപ്തിയുടെ കാര്യവും അങ്ങനെ തന്നെ. മധ്യ നിരയില്‍ ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ നേടിയത് 58 റണ്‍സ്. എറിയാനിറങ്ങിയപ്പോള് വീഴ്ത്തിയത് അഞ്ചു വിക്കറ്റ്. 45 റണ്‍സ് നേടിയ ഇന്ത്യയുടെ സ്റ്റര്‍ ബാറ്റര്‍ സ്മൃതി മന്ദാനയും 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത റിച്ച ഘോഷും ഇന്ത്യന്‍ വിജയത്തിന് തങ്ങളുടേതായ സംഭാവന നല്കി. സെമിഫൈനലില്‍ ഐതിഹാസിക ബാറ്റിങ് നടത്തിയ ജമീമ റോഡ്രിഗ്സിന് ഇത്തവണ 24 റണ്‍സേ നേടാന്‍ സാധിച്ചുള്ളൂ. സെമിയില്‍ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20 റണ്‍സിനു പുറത്തായി.
കരുത്തരായ ഓസ്ട്രേലിയയെ സെമിയില്‍ തോല്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയതെങ്കില്‍ അത്ര തന്നെ കരുത്തരായ ഇംഗ്ലണ്ടിനെ തറപറ്റിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ ഇടം ഉറപ്പിച്ചത്.

