ഹൊബാര്‍ട്ട്: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. ഹോബാര്‍ട്ടിലെ ബെല്ലറിവ് ഓവലില്‍ നടന്ന മൂന്നാം ട്വന്റി20 മാച്ചില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ വലിയ ലക്ഷ്യത്തെ ഉജ്വല പോരാട്ടത്തിലൂടെ മറികടന്ന് അഞ്ചു വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ 23 പന്തില്‍ 49 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറിന്റെയും പതിമൂന്ന് പന്തില്‍ 22 റണ്‍സെടുത്ത ജിതേഷ് ശര്‍മയുടെയും മികവില്‍ ഒമ്പതു പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ വിജയം സ്വന്തമാക്കി.
ഓസീസിന്റെ തകര്‍പ്പന്‍ ബൗളിങ്ങിനു മുന്നില്‍ ഇന്ത്യ തകര്‍ന്നു എന്ന തോന്നലുണ്ടായ സമയത്താണ് അവസാ ഓവറുകളില്‍ ഉജ്വലമായ ബാറ്റിങ് കാഴ്ചവച്ച് വാഷിങ്ടന്‍ സുന്ദറും ജിതേഷും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. വെറും 23 പന്തില്‍ നിന്ന് നാല് സിക്സറും മൂന്നു ബൗണ്ടറിയുമാണ് വാഷിങ്ടന്‍ ഇന്ത്യന്‍ വിജയത്തിനായി നല്‍കിയത്.
സഞ്ജു സാംസണെ ഒഴിവാക്കി കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ സ്ഥാനത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി പ്ലേയിങ് ഇലവനില്‍ വന്ന ജിതേഷ് ശര്‍മയും അവസരത്തിനൊത്തുയര്‍ന്നു. പതിമൂന്ന് പന്തില്‍ നിന്ന് നാലു ബൗണ്ടറികളാണ് ജിതേഷ് അടിച്ചെടുത്തത്. വിജയ റണ്‍ കുറിച്ചതും ജിതേഷ് തന്നെയായിരുന്നു.
അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ കളിവീതം കളിച്ച് സമനിലയിലാണ് നില്പ്. ആദ്യ കളിയില്‍ ഇന്ത്യ മികച്ച തുടക്കമാണ് കാഴ്ചവച്ചതെങ്കിലും മഴ മൂലം ആ കളി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റെടുത്ത അര്ഷ്ദീപാണ് മാന്‍ ഓഫ് ദി മാച്ച്.

