ഖാര്‍ത്തൂം: ആഭ്യന്തര യുദ്ധത്തില്‍ അമരുന്ന വടക്കേ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ റിബല്‍ സേനയുടെ അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനവും കൂട്ടക്കൊലയും അരങ്ങേറുന്നു, സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. നോര്‍ത്ത് ദാര്‍ഫൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അല്‍ ഫാഷിറില്‍ ആറു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 2500ലേറെ ആള്‍ക്കാരെയാണ്. ഭരണം പിടിക്കാന്‍ പരിശ്രമിക്കുന്ന അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഫ്എസ്) ആണ് അക്രമങ്ങള്‍ അഴിച്ചു വിടുന്നത്. നിലവില്‍ അല്‍ ഷാഫിറില് സൈനിക സാന്നിധ്യമേയില്ല, നഗരം പൂര്‍ണമായി ആര്‍എസ്എഫിന്റെ പിടിയിലാണ്.
ജനങ്ങളെ ഭയചകിതരാക്കി അധികാരം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. ജനങ്ങളെ നിരത്തി നിര്‍ത്തി വെടിവച്ചു കൊല്ലുകയാണ് ചെയ്യുന്നത്. നഗരത്തില്‍ നിന്ന് രക്ഷപെട്ട് ഓടിപ്പോകുന്നവരെ പിടികൂടി തിരിച്ചുകൊണ്ടുവന്ന് അതിക്രൂരമായി മര്‍ദിച്ച ശേഷം വെടിവച്ചു കൊല്ലുന്നു. കൂട്ടക്കൊലകളുടെ ഭയപ്പെടുത്തുന്ന വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
2021ല്‍ പട്ടാള വിപ്ലവത്തിലൂടെ സുഡാനിലെ ഭരണം സൈനിക നേതൃത്വം പിടിച്ചെടുത്തിരുന്നതാണ്. അക്കാലത്ത് അവര്‍ക്കൊപ്പം നിന്നതാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്ന സൈനിക സഹായ വിഭാഗം. എന്നാല്‍ അധികാരത്തിന്റെ പങ്കുവയ്പില്‍ തര്‍ക്കങ്ങളുണ്ടായതിനെ തുടര്‍ന്ന് ആര്‍എസ്എഫ് ആയുധവുമായി നേര്‍ക്കു നേര് പോരാട്ടത്തിലേക്കു തിരിയുകയായിരുന്നു.

