മുബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് പ്രതീക്ഷയേകിക്കൊണ്ട് വിദേശ നിക്ഷേപകര്‍ തിരിച്ചു വരുന്നു. കഴിഞ്ഞ മൂന്നു മാസമായി വിദേശ നിക്ഷേപകര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റൊഴിവാക്കുന്നതിന്റെ തിരക്കിലായിരുന്നെങ്കില്‍ അതിനു വിപരീതമായി വാങ്ങുന്ന തിരക്കിലേക്കാണ് മടങ്ങിവരവ്. ഒക്ടോബറിലെ അവസാന ആഴ്ചയില്‍ മാത്രം 7332 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വാങ്ങിയത്. ഒക്ടോബര്‍ തുടക്കം മുതല്‍ വാങ്ങുന്നതിനുള്ള ട്രെന്‍ഡാണ് അവര്‍ വിപണിയില്‍ പ്രകടിപ്പിച്ചിരുന്നത്. മാസാന്ത്യമായതോടെ സര്‍ക്കാര്‍ കടപ്പത്രങ്ങളും വാങ്ങാനാരംഭിച്ചു. വളരെ ശുഭസൂചനയായ കാര്യമാണിത്.
ഇതേ രീതിയില്‍ നവംബറിലും വാങ്ങല്‍ തുടരുകയാണെങ്കില്‍ അതിന്റെ പ്രതിഫലനം പ്രധാന ഓഹരി സൂചികകളായ നിഫ്റ്റിയിലും സെന്‍സെക്‌സിലും പ്രതിഫലിക്കുമെന്നുറപ്പ്. സൂചികകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുക പോലും ചെയ്‌തേക്കാം. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വിദേശ നിക്ഷേപകര്‍ വിറ്റൊഴിവാക്കിയത് 1.94 ലക്ഷം കോടി രൂപയുടെ ഓഹരികളായിരുന്നു. ഇതിന്റെ ആഘാതം നേരിടാന്‍ വിപണി നന്നേ ബുദ്ധിമുട്ടുകയും ചെയ്തു. സെപ്റ്റംബര്‍ ഒരു മാസം മാത്രം 23885 കോടി രൂപയുടെ ഓഹരികളാണ് വിറ്റു പണമാക്കിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമ്പതു ശതമാനം തീരുവ ചുമത്തിയതോടെയാണ് വിദേശികള്‍ക്ക് ഇന്ത്യയിലെ ഓഹരികള്‍ മടുപ്പിക്കുന്നതായത്. എങ്കിലും വിപണിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളുടെ ബലത്തിലായിരുന്നു.

