മനാമ: ലോകോത്തര നിലവാരമുള്ള സ്‌റ്റേഡിയം കോംപ്ലക്‌സ് നിര്‍മിക്കാന്‍ ബഹ്‌റിന്‍ തയാറെടുക്കുന്നു. സ്‌പോര്‍ട്‌സ് സിറ്റി എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ ഏറ്റവും മികച്ച നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം, മറ്റു കായിക സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ എന്നിവയുണ്ടായിരിക്കും. സതേണ്‍ ഗവര്‍ണറേറ്റിലാണ് സ്‌പോര്‍ട്‌സ് സിറ്റി സ്ഥാപിക്കുക.
സ്‌പോര്‍ട്‌സ് സിറ്റിയെ ഒരു കായികവേദി എന്നതിലുപരി അത്‌ലറ്റുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതു സമൂഹത്തിനും ഉപകരിക്കുന്ന വിധത്തില്‍ ഒരു സമഗ്ര വികസന കേന്ദ്രമായിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതു സ്ഥാപിതമാകുന്നതോടെ അന്താരാഷ്ട്ര കായിക ഇനങ്ങള്‍ക്കു വേദിയാകാന്‍ ബഹ്‌റിനു സാധിക്കും. സ്‌റ്റേഡിയത്തിനു പുറമെ മറ്റു സൗകര്യങ്ങള്‍ കൂടിയുള്ളതിനാല്‍ കായിക മത്സരങ്ങള്‍ നടക്കാത്ത സമയങ്ങളില്‍ പോലും വരുമാനമുണ്ടാക്കാന്‍ സ്‌പോര്‍ട്‌സ് സിറ്റിക്കും സാധിക്കും.
അമ്പതിനായിരം പേരെ കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം, പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ ഹാള്‍, അന്താരാഷ്ട്ര നിലവാരമുള്ളഅ ഫുട്‌ബോള്‍ പിച്ചുകളും അത്‌ലറ്റിക് ട്രാക്കുകളും ഒളിമ്പിക് നിലവാരമുള്ള നീന്തല്‍ കുളങ്ങള്‍, ഷോപ്പിങ് മാള്‍, ഹോട്ടലുകള്‍ തുടങ്ങിയവയാണ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

