വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം തിരഞ്ഞെടുപ്പ് കഴിഞ്ഞു മതി, സുപ്രീം കോടതിയെ സമീപിക്കാന്‍ തമിഴ്‌നാട്

ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്. ഞായറാഴ്ച മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വോട്ടര്‍ പട്ടിക പരിഷ്‌കരണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കി. ആദ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും ഇതു സംബന്ധിച്ച് പരാതി നല്‍കുക. അവിടെ തീരുമാനമുണ്ടാകാതെ വന്നാലായിരിക്കും സുപ്രീംകോടതിയെ സമീപിക്കുക.

കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനു ശേഷമാകാം എസ്‌ഐആര്‍ എന്നതാണ് യോഗത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഏജന്റിനെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് തമിഴ്‌നാട് ആരോപിക്കുന്നു. ബീഹാറിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതേയുള്ളൂ. എന്നിട്ടും ഒക്ടോബര്‍ 27ലെ വിജ്ഞാപന പ്രകാരം തമിഴ്‌നാട്ടില്‍ എസ്‌ഐആറുമായി മുന്നോട്ടു പോകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇത് ജനാധിപത്യവിരുദ്ധമാണെന്നു സര്‍വകക്ഷിയോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *