ഒമ്പതു പേര്‍ മരിച്ച കാശിബുഗ്ഗ ദുരന്തം, എത്ര കേസെടുത്താലും പ്രശ്‌നമില്ലെന്ന് ക്ഷേത്രത്തിന്റെ ഉടമയായ പുരോഹിതന്‍

അമരാവതി: ആന്ധ്രപ്രദേശിലെ കാശിബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പതു പേര്‍ മരിച്ച സംഭവത്തില്‍ നിഷേധ നിലപാടുമായി ക്ഷേത്രത്തിലെ പുരോഹിതനും ഉടമയുമായ മുകുന്ദ പാണ്ഡേ. തന്റെ സ്വകാര്യ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നതെന്നും അവിടെ നടക്കുന്ന പരിപാടിയുടെ കാര്യം പോലീസിനെ അറിയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ പേരില്‍ തനിക്കെതിരേ എത്ര കേസെടുത്താലും കുഴപ്പമില്ലെന്ന നിലപാടിലാണ് പാണ്ഡേ.

ഏകാദശി ഉത്സവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിരുന്നില്ലെന്നും അറിയിച്ചിരുന്നുവെങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കുമായിരുന്നെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തിനു പിന്നാലെ അറിയിച്ചിരുന്നു. ഈ പ്രതികരണം സംബന്ധിച്ചാണ് പാണ്ഡേ നിലപാട് വ്യക്തമാക്കിയത്.

94 വയസുള്ള മുകുന്ദ പാണ്ഡേ ശ്രീകാകുളത്ത് അപകടത്തിനിടയാക്കിയ ക്ഷേത്രം ആരംഭിച്ചിട്ട് നാലു മാസമാകുന്നതേയുള്ളൂ. ഇനിയും കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടുമില്ല. എന്നിരിക്കെയാണ് ഇത്രയധികം ആള്‍ക്കൂട്ടം വരുന്ന ഉത്സവം പോലീസിനെ അറിയിക്കാതെ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *