കൊച്ചി: റിഫൈനിങ് മാര്‍ജിനിലെ ലാഭവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധനയുടെ അനന്തരഫലങ്ങളും ഏറ്റവുമധികം പ്രതിഫലിച്ചത് ക്രൂഡോയില്‍ വിലയില്‍ മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ എണ്ണ കമ്പനികളുടെ ലാഭത്തില്‍ കൂടിയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. റീട്ടെയില്‍ വിപണിയില്‍ ഇന്ധനങ്ങളുടെ വില ഇക്കാലയളവില്‍ അശേഷം കുറഞ്ഞതുമില്ല. അതുമൂലം ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള രണ്ടാം ത്രൈമാസത്തിലെ (ക്യൂ2-ക്വാര്‍ട്ടര്‍2) ലാഭത്തില്‍ വന്‍ കുതിപ്പാണ് എണ്ണക്കമ്പനികള്‍ക്കുണ്ടായത്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് എന്നിവയാണ് ഇന്ത്യയിലെ പൊതുമേഖലാ എണ്ണ കമ്പനികള്‍. ഇവയെല്ലാം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്രൂഡോയിലിന്റെ വിലയില്‍ ലഭിച്ച ലാഭം ഉപഭോക്താക്കള്‍ക്കു കൈമാറാത്തതു മൂലം ലഭിച്ച ലാഭത്തിന്റെ കണക്കുകളാണ് കണ്ണു തള്ളിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഇന്ധന ഡീലറായ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍4128 ശതമാനം ഉയര്‍ന്ന് 7610 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 169.58 കോടി രൂപ നഷ്ടമാണു വരുത്തിയിരുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ അറ്റാദായം ഇക്കാലയളവില്‍ 168 ശതമാനം ഉയര്‍ന്ന് 6442 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 2397 കോടി രൂപ മാത്രമായിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ അറ്റാദായം 507 ശതമാനമാണ് വര്‍ധിച്ചത്. മൊത്തം അറ്റാദായം 3830 കോടി രൂപ.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടായതും അമേരിക്കയുടെ ഭീഷണിക്കു മുന്നില്‍ റഷ്യ രക്ഷകനായി അവതരിച്ച് ക്രൂഡോയിലിനു ഡിസ്കൗണ്ട് അനുവദിച്ചതുമാണ് ഇന്ത്യന്‍ കമ്പനികള്‍ക്കു ലോട്ടറി അടിക്കുന്ന അവസ്ഥയുണ്ടാക്കിയത്. ദീര്‍ഘകാലമായി ആഭ്യന്തര വിപണിയില്‍ പെട്രോളിനും മറ്റും വില താഴ്ന്നിട്ടേയില്ല. ഇതിന്റെ ഫലമായി റിഫൈനിങ് മാര്‍ജിന്‍ കണക്കറ്റ് ഉയര്‍ന്നത് നേരിട്ട് പ്രതിഫലിച്ചത് ലാഭത്തിന്റെ വര്‍ധനവിലായിരുന്നു. ഇക്കാലയളവില്‍ പാചക വാതക വിലയില്‍ വര്‍ധന ഉണ്ടാകാത്തത് ചെറിയ തോതില്‍ നഷ്ടത്തിനിടയാക്കിയെങ്കിലും ആ നഷ്ടം കേന്ദ്ര ഗവണ്മെന്റ് നികത്തിക്കൊടുക്കുകയും ചെയ്തു. ഈയിനത്തില്‍ മൊത്തം സബ്സിഡിയായി കേന്ദ്രത്തില്‍ നിന്നു കിട്ടിയത് 14486 കോടി രൂപയാണ്.

