ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെന്‍ഡറിന് അവസാനം കമ്പനികളുടെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണം. രാജ്യത്തെ വിവിധ നഗരങ്ങള്‍ക്കു വേണ്ടി 10900 ഇലക്ട്രിക് ബസുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി വിളിച്ച ടെന്‍ഡറിന് മൂന്നാമത്തെ തവണ കമ്പനികളുടെ അനുകൂല പ്രതികരണം. ഇതു സംബന്ധിച്ച് വിളിച്ച ആദ്യ രണ്ടു ടെന്‍ഡറുകളും കാര്യമായ പ്രതികരണം ഉണ്ടാക്കാഞ്ഞതിനെ തുടര്‍ന്ന് ഉപേക്ഷിച്ച ശേഷമാണ് മൂന്നാമതും ടെന്‍ഡര്‍ ചെയ്തത്. ടെന്‍ഡറില്‍ പങ്കെടുക്കണമെങ്കില്‍ കമ്പനികള്‍ തുടക്കത്തില്‍ തന്നെ 312 കോടിയോളം തുക മുടക്കേണ്ടിവരുന്നതിനാലാണ് ആദ്യ രണ്ടു തവണയും പ്രതികരണം തീരെ തണുത്തുപോയത്.
മൂന്നാം തവണ വിളിച്ച ടെന്‍ഡറില്‍ ബസ് നിര്‍മാണ രംഗത്തെ അതികായരായ ടാറ്റ മോട്ടോഴ്‌സും ഹിന്ദുജ ഗ്രൂപ്പിന്റെ സ്വച്ഛ് മൊബിലിറ്റിയുമാണ് പ്രധാനമായും താല്‍പര്യമെടുത്തിരിക്കുന്നത്. ഇവയ്ക്കു പുറമെ ജെബിഎം ഓട്ടോ, മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഒലക്ട്ര ഗ്രീന്‍ടെക്, പിന്നക്കിള്‍ മൊബിലിറ്റി സൊല്യൂഷന്‍സിന്റെ ഇകെഎ മൊബിലിറ്റി, പിഎംഐ ഇലക്ട്രോ മൊബിലിറ്റി തുടങ്ങി ഇരുപതോളം കമ്പനികളും താല്‍പര്യമെടുത്ത് രംഗത്തുണ്ട്. പിഎംഇ ഡ്രൈവ് പദ്ധതി പ്രകാരം രാജ്യത്ത് നാല്‍പതു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് ഇ ബിസ് വിതരണം ചെയ്യുന്നതിനുള്ളതാണ് കരാര്‍. നവംബര്‍ ആറു വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്.
ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഇത്രയും ബസുകള്‍ നിര്‍മിച്ചു നല്‍കുന്നവര്‍ക്കാണ് കരാര്‍ ലഭിക്കുക. ബസുകള്‍ കൈമാറുന്നതിനൊപ്പം തുക ലഭിക്കില്ല എന്നതും കമ്പനികളെ പിന്നിലേക്കു വലിക്കുന്ന ഘടകമാണ്. ഓടുന്ന കിലോമീറ്ററിന് അനുസരിച്ചായിരിക്കും പ്രതിഫലം ലഭിക്കുക.

