തലമുറ നോക്കി പുകയില നിരോധിക്കുന്ന ആദ്യ രാജ്യമായി മാലദ്വീപ്, വിദേശികള്‍ക്കും ബാധകം

മാലി: ജനിച്ച വര്‍ഷത്തെ അടിസ്ഥാനമാക്കി പുകയില നിരോധനത്തിനു നിയമമുള്ള ഏകരാജ്യമാകാന്‍ മാലദ്വീപ്. 2007 ജനുവരിക്കു ശേഷം ജനിച്ചവര്‍ക്ക് നിയമം മൂലം പുകയില ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മാലദ്വീപ്. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നു. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ താല്‍പര്യപ്രകാരം ഈ വര്‍ഷമാദ്യം തുടങ്ങിവച്ച നടപടികളാണ് ഇന്നലെ നിയമനിര്‍മാണത്തോടെ പൂര്‍ത്തിയായിരിക്കുന്നത്.

പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകയില രഹിത തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം 2007 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ക്ക് മാലദ്വീപില്‍ പുകയില വാങ്ങാനോ ഉപയോഗിക്കാനോ വില്‍ക്കാനോ അനുവാദമില്ല. എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും നിരോധനം ബാധകമാണ്. പുകയില വില്‍ക്കുന്നവര്‍ പ്രായ നിര്‍ണയം നടത്തണമെന്നും നിയമം അനുശാസിക്കുന്നു. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇലക്ട്രോണിക് സിഗരറ്റുകളുടെയും സമാന വേപ്പിങ് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി, വില്‍പന, വിതരണം, കൈവശം വയ്ക്കല്‍, ഉപയോഗം എന്നിവയ്ക്ക് പ്രായഭേദമില്ലാതെ എല്ലാ വ്യക്തികള്‍ക്കും വിലക്ക് ബാധകമാണ്.

തലമുറയുടെ അടിസ്ഥാനത്തില്‍ പുകയില നിരോധനം ഏര്‍പ്പെടുത്തുന്നതിന് യുകെയില്‍ നിയമ നിര്‍മാണ പ്രക്രിയ ഈ വര്‍ഷം ആദ്യം ആരംഭിച്ചെങ്കിലും ഇതുവരെ നിയമമായി മാറിയിട്ടില്ല. ന്യൂസീലാന്‍ഡില്‍ സമാനമായ നിയമം 2022ല്‍ പാസാക്കിയെങ്കിലും 2023ല്‍ തന്നെ പിന്‍വലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *