രോഗികളുടെ പൊതുവേയുള്ള ചോദ്യമാണ്. ഏതുതരം ഭക്ഷണവും കഴിക്കാം എന്നാണ് ഉത്തരം. പക്ഷെ നന്നായി വേവിച്ചതും വേഗം ദഹിക്കുന്നതുമായ ആഹാരമായിരിക്കണം. രോഗശമനത്തെ സഹായിക്കാൻ വേണ്ടി മാത്രമല്ല, രോഗാവസ്ഥ സങ്കീർണ്ണമാകാതെ സൂക്ഷിക്കാൻ കൂടിയാണത്.ഒരു ഉദാഹരണം പറയാം. ഇൻഫ്ലുവെൻസ പനി ബാധിച്ച ഒരാൾ ഡോക്ടറെ കാണുന്നു. രോഗത്തിൻ്റെ സ്ഥിതിയനുസരിച്ച് ഡോക്ടർ ആന്റി-വൈറൽ ക്യാപ്സൂൾ അയാൾക്ക് നിർദ്ദേശിച്ചു. ആൻറി-വൈറൽ ഔഷധങ്ങൾ ചിലരിൽ വയറിന് അസ്വസ്ഥതയും മനംപുരട്ടലും ഉണ്ടാക്കാറുണ്ട് എന്നതിനാൽ മരുന്നു കഴിക്കേണ്ട വിധവും ഭക്ഷണക്രമവും ഡോക്ടർ വിശദീകരിച്ചു. ഒപ്പം വയറിന് അസ്വസ്ഥത ഉണ്ടാകാതിരിക്കാനുള്ള ഔഷധവും നൽകി. പക്ഷെ രണ്ടു ദിവസം കഴിഞ്ഞ് രോഗി തിരിച്ചു വന്നു. ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ശമിച്ചിരുന്നെങ്കിലും രോഗിക്ക് അപ്പോഴേക്കും വയറിളക്കം പിടിപെട്ടിരുന്നു. ആകെ പ്രശ്നമായി. ആൻ്റി വൈറൽ മരുന്ന് വയറിനുള്ളിൽ ഉണ്ടാക്കിയ അസ്വസ്ഥതയാണോ കാരണം? അതോ വൈറൽപ്പനിയുടെ ഭാഗമായ വയറിളക്കമോ? അല്ലെങ്കിൽ വയറിളക്കമുണ്ടാക്കുന്ന എന്തെങ്കിലും കുടൽ രോഗമാണോ യഥാർത്ഥരോഗം? കുറെ നേരം സംസാരിച്ച ശേഷം രോഗി മടിച്ചുമടിച്ച് ഡോക്ടറോട കാര്യം പറഞ്ഞു. വീട്ടിൽ പോയ ശേഷം രോഗി പുറത്തു നിന്നും ബിരിയാണിയും കടലപ്പായസവും വരുത്തിക്കഴിച്ചിരുന്നു. എന്തായാലും വലിയ ചികിത്സയൊന്നുമില്ലാതെ ORS കുടിച്ച് വയറിളക്കം നിന്നു. എന്നാൽ പലപ്പോഴും ഇങ്ങനെ സംഭവിക്കണമെന്നില്ല. വയറുകടി ആൻ്റിവൈറൽ മരുന്നിൻ്റെ പാർശ്വഫലമാണെന്ന് കരുതി ഇൻഫ്ലുവൻസ ചികിത്സ പകുതിയ്ക്ക് നിറുത്തിയെന്ന് വരാം. രോഗി കൂടുതൽ ടെസ്റ്റുകളും പരിശോധനകളും ചെയ്യേണ്ടി വന്നേക്കാം. ഇത് രോഗാവസ്ഥ നീണ്ടുപോകുന്നതിന് കാരണമാവും. അതുകൊണ്ട് വേഗം ദഹിക്കുന്ന ആഹാരം നന്നായി വേവിച്ചു കഴിക്കുക. ബിരിയാണി പനിക്കാലത്ത് കഴിക്കാൻ പാടില്ലാത്ത ആഹാരമാണ് എന്നല്ല അർത്ഥമാക്കുന്നത്. നന്നായി പാചകം ചെയ്യണം എന്നാണ് ഉദ്ദേശിക്കുന്നത്. നന്നായി വേവിച്ചില്ലെങ്കിൽ ചോറും ബുദ്ധിമുട്ടുണ്ടാക്കും.
ഇനി ഒന്നുരണ്ട് കാര്യങ്ങൾ കൂടി:
പനിയുള്ളപ്പോൾ കട്ടൻ ചായയും കട്ടൻ കാപ്പിയും കുടിക്കാതിരിക്കുക. അത് ശരീരത്തിൽ നിന്ന് കൂടുതൽ ജലം നഷ്ടപ്പെടുന്നതിന് കാരണമാവും.
കഞ്ഞി, പനിയുള്ളപ്പോൾ ഒന്നാം തരം ഭക്ഷണമാണ്. പ്രത്യേകിച്ചും കഞ്ഞിവെള്ളം കൂടുതലുള്ള കഞ്ഞി. കത്തിയിൽ ഉപ്പ് ചേർത്ത് അല്പം നാരങ്ങനീരും ഒഴിച്ചു കുടിച്ചാൽ ക്ഷീണം അതിവേഗം മാറും. ഉപ്പും നാരങ്ങ നീരും ചേർത്ത കഞ്ഞിവെള്ളം ഇടയ്ക്കിടക്ക് കുടിക്കുന്നത് നിർജ്ജലീകരണത്തെ തടയും. ശരീരത്തിലെ ലവണങ്ങളുടെ അളവിനെ നിലനിറുത്തുകയും ചെയ്യും. അത് ഉന്മേഷം നൽകും. ഒട്ടും ചെലവില്ല എന്നതാണ് ‘കഞ്ഞിചികിത്സ’യുടെ പ്രത്യേകത. കഞ്ഞി കുടിക്കാൻ ഇഷ്ടമില്ലാത്തവർ അവർക്ക് സ്ഥിരം പരിചിതമായ, വേഗം ദഹിക്കുന്ന ആഹാരം നന്നായി വേവിച്ചു കഴിക്കുക. നേരത്തേ പറഞ്ഞപോലെ വീട്ടിൽ പാചകം ചെയ്താൽ ഏറ്റവും നല്ലത്. ഫ്രൂട്ട് ജ്യൂസും കരിക്കിൻ വെള്ളവും കരിപ്പട്ടിക്കാപ്പിയും (ചുക്ക് ചേർക്കാതെ) പനിക്ക് അനുയോജ്യമായ പാനീയങ്ങളാണ്. നന്നായി വേവിച്ച ഭക്ഷണവും മുകളിൽപ്പറഞ്ഞ പാനീയങ്ങളും, പനിയുണ്ടാക്കുന്ന ശരീരവേദനയേയും ക്ഷീണത്തേയും മാത്രമല്ല പനിയ്ക്ക് ശേഷമുണ്ടാകുന്ന അസ്വസ്ഥകളേയും അകറ്റി നിറുത്തുന്നു. പനിയ്ക്ക് ശേഷം പുത്തൻ ഉണർവ്വോടെ തിരിച്ചു വരാനും കഴിയും.

