കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പുതിയ അധ്യായമെഴുതി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ബുക്കിങ്ങ് മുഖേനയും തട്ടിപ്പു നടക്കുമെന്ന് വയനാട്ടില്‍ നിന്നുള്ള സംഭവം തെളിയിക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇക്കാര്യത്തിലും പ്രത്യേക ജാഗ്രത വേണമെന്ന് പോലീസ് പറയുനനു. ഓണ്‍ലൈനില്‍ ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്ത വയനാട് സ്വദേശിക്ക് നഷ്ടമായത് 2.45 ലക്ഷം രൂപ. ഇദ്ദേഹത്തിന്റെ പരാതിയില്‍ കേസ് ബുക്ക് ചെയ്ത് സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പിന്റെ രീതി ഇങ്ങനെയാണ്. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനായി ആശുപത്രിയുടെ നമ്പര്‍ തിരഞ്ഞത് ഗൂഗിളിലായിരുന്നു. അതില്‍ നിന്നു കിട്ടിയ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ അപ്പോയിന്റ്‌മെന്റ് എടുക്കാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണത് ചെയ്യേണ്ടതെന്ന് സന്ദേശം ലഭിക്കുന്നു. അതിനൊപ്പം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ലിങ്ക് കൂടെ ലഭിക്കുന്നു. ഇതില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ചാര്‍ജായ അഞ്ചു രൂപ ആവശ്യപ്പെടും. അതു കൊടുത്താലും അപ്പോയിന്റ്‌മെന്റ് ലഭിക്കില്ല. അപ്പോള്‍ വാട്‌സാപ്പില്‍ ഹായ് എന്ന സന്ദേശം എത്തിയിരിക്കും. അപ്പോയിന്റ്‌മെന്റ് നടക്കുന്നില്ലെന്നു വാട്‌സാപ്പില്‍ അറിയിക്കുമ്പോള്‍ മറ്റൊരു ലിങ്ക് കൂടി ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്യമ്പോള്‍ ബന്ധപ്പെടുന്ന ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പുകാര്‍ അക്‌സസ് സമ്പാദിക്കും.
ഇത്രയുമായി കഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്നു പണം മുഴുവന്‍ പോയി കഴിഞ്ഞിരിക്കും. രണ്ടാമത് അയയ്ക്കുന്ന ലിങ്ക് തട്ടിപ്പിനുള്ളതായിരിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. പണം പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശം ലഭിക്കുമ്പോഴായിരിക്കും തട്ടിപ്പിനാണ് താന്‍ ഇരയായയതെന്ന വിവരം അക്കൗണ്ട് ഉടമ അറിയുന്നത്. ഇത്തരത്തിലായിരുന്നു വയനാട് സ്വദേശിക്ക് പണം നഷ്ടമായത്. പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ സെര്‍ച്ച് മുഖേന കസ്റ്റമര്‍ സേവനത്തിനായി ബന്ധപ്പെടുന്നത് അങ്ങേയറ്റം കരുതലോടെ വേണമെന്നുമാണ് പോലീസ് ആവശ്യപ്പെടുന്നത്.

