നവി മുംബൈ: ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന അത്യാവേശകരമായ സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ വനിതാ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഓസീസ് ഉയര്‍ത്തിയ. 339 റണ്‍സ് എന്ന റെക്കോഡ് റണ്‍ചേസ് നടത്തിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. സെഞ്ച്വറി നേടിയ ജമീമ റോഡ്രിഗ്‌സ്, അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ല്. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്നു ജയിച്ചുവെന്ന നേട്ടത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ച നവി മുംബൈയില്‍ ഇതേ സ്റ്റേഡിയത്തില്‍ തന്നെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും.
ടോസില്‍ ഭാഗ്യം ഓസ്‌ട്രേലിയയെ തുണച്ചപ്പോള്‍ അവര്‍ ബാറ്റിങ്ങായിരുന്നു തിരഞ്ഞെടുത്തത്. ഡിവൈ പാട്ടീല്‍ സ്റ്റേഡിയം ആദ്യം ബാറ്റ് ചെയ്യുന്നവരെ മാത്രമാണ് ഇതുവരെ തുണച്ചിട്ടുള്ളത്. ആ വിശ്വാസമായിരുന്നിരിക്കാം ഓസീസിനെ ഇങ്ങനെയൊരു തിരഞ്ഞെടുപ്പിനു പ്രേരിപ്പിച്ചത്. 49.5 ഓവറില്‍338 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാണ് അവര്‍ ഓള്‍ ഔട്ടാകുന്നത്. ഇന്ത്യയ്ക്കു മുന്നില്‍ ഇത്ര ഉയര്‍ന്ന റണ്‍ ചേസ് എന്ന വെല്ലുവിളിയാണ് അവശേഷിപ്പിച്ചതെങ്കിലും അതിനെയാണ് മനസാന്നിധ്യത്തോടെ ഇന്ത്യ നേരിട്ടത്. മുംബൈക്കാരി തന്നെയായ ജമീമ റോഡ്രിഗ്‌സ് സ്വന്തം മണ്ണില്‍ ഇതിഹാസമെഴുതുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. 48.3 ഓവറില്‍ ഇന്ത്യ വിജയത്തിലേക്ക് അവസാന പന്തു പായിച്ചു. വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചോസ് പോലും ഇന്ത്യയ്ക്കു മുന്നില്‍ ഒന്നുമായില്ല.
ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍ ഷെഫാലി വര്‍മ പത്തു റണ്‍സിനാണ് പുറത്തായത്. സാധാരണ ഇന്ത്യയുടെ വിജയശില്‍പിയായി മാറാറുള്ള സ്മൃതി മന്ദാനയും വൈകാതെ പുറത്തായി-വെറും 24 റണ്‍സിന്. പത്താം ഓവറില്‍ സ്മൃതി പുറത്താകുമ്പോള്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സായിരുന്നു. മൂന്നാം വിക്കറ്റില്‍ ജമീമ റോഡ്രിഗ്‌സ്-ഹര്‍മന്‍ പ്രീത് കൗര്‍ സഖ്യം 167 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകി. 36ാം ഓവറില്‍ ഹര്‍മന്‍പ്രീത് പുറത്തായതോടെ ഈ സഖ്യം പൊളിഞ്ഞു. പിന്നീടു വന്ന ദീപ്ത് ശര്‍മ 24 റണ്‍സും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 26 റണ്‍സുമാണ് നേടിയത്. അേേപ്പാഴേക്കും ഇന്ത്യ വിജയത്തിനു തൊട്ടടുത്തെത്തിയിരുന്നു. ഇവര്‍ ഇരുവരും പുറത്തായപ്പോഴും ജമീമ റോഡ്രിഗ്‌സ് ക്രീസില്‍ തന്നെ. തുടര്‍ന്നു വന്നെത്തിയ അമന്‍ജോത് കൗര്‍ പതിനഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സിന് അവര്‍ ഓള്‍ ഔട്ടായി. സെഞ്ച്വറി നേടിയ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡ് അര്‍ധ സെഞ്ച്വറികള്‍ നേടിയ എലീസ് പെറി, ആഷ്‌ലി ഗാര്‍ഡിനര്‍ എന്നിവരാണ് ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിന് അടിത്തറ പാകിയത്.

