സിഡ്‌നി: ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ഗായകന്‍ ദില്‍ജിത് ദിശാങ്കിനെ സിഡ്‌നിയിലേക്ക് വരവേറ്റത് വംശീയ അധിക്ഷേപം. എന്നാല്‍ ഇതില്‍ മനസു പതറാതെയും അതേ നാണയത്തില്‍ തിരിച്ചു മറുപടി കൊടുക്കാതെയും ഐക്യത്തിനും പരസ്പര ബഹുമാനത്തിനും അവസരം കൊടുക്കാനായി അധിക്ഷേപത്തെയും ഉപയോഗിച്ചതായി താരം തന്നെ സമൂഹ മാധ്യമത്തില്‍ വെളിപ്പെടുത്തുന്നു.
തന്നെ നോക്കിക്കൊണ്ട് ചിലര്‍ പറഞ്ഞത് പുതിയ ഊബര്‍ ഡ്രൈവര്‍ വന്നിറങ്ങിയെന്നായിരുന്നു. മറ്റു ചിലര്‍ വിളിച്ചു പറഞ്ഞത് പുതിയ 7-11 തൊഴിലാളി എത്തിയിരിക്കുന്നു എന്നായിരുന്നു. ഇതിനെതിരേ കോപിക്കാതെ ആത്മസംയമനത്തോടെ പിടിച്ചു നിന്നതായി യൂട്യൂബിലെ സ്വന്തം ചാനലില്‍ ദില്‍ജിത് വെളിപ്പെടുത്തുന്നു. തന്റെ സ്‌നേഹം എല്ലാവരിലേക്കും എത്തുന്നതാണെന്നും അധിക്ഷേപിക്കുന്നവരെ പോലും സ്‌നേഹിക്കുന്നുവെന്നുമാണ് ഇതുസംബന്ധിച്ച് ദില്‍ജിതിന്റെ മറുപടി വാക്കുകള്‍. ഇത്തരം വംശീയമായ അധിക്ഷേപങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുകകയാണ്. എന്നാല്‍ അതിരുകളെ അതിലംഘിക്കുന്ന വിധത്തില്‍ എല്ലാവരും ഒന്നായി തീരണമെന്ന് ദില്‍ജിത് ആഹ്വാനം ചെയ്യുന്നു.

