ബാഗ്ദാദ് തീയറ്റര്‍ ഫെസ്റ്റിവലില്‍ നെയ്‌ത്തെ ബെസ്റ്റ് പ്ലേ, കേരളത്തിലെ മാമാങ്കം ഡാന്‍സ് കമ്പനിയുടെ നൃത്താവിഷ്‌കാരം

ബാഗ്ദാദ് ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവലില്‍ ബെസ്റ്റ് പ്ലേ അവാര്‍ഡ് റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാന്‍സ് കമ്പനി അവതരിപ്പിച്ച നെയ്‌ത്തെ എന്ന നൃത്താവിഷ്‌കാരത്തിന്. ലോക പ്രശസ്തമായ ബാഗ്ദാദ് തീയറ്റര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയുടെ കന്നി അരങ്ങേറ്റമാണ് മാമാങ്കത്തിന്റേത്. കേരളത്തിന്റെ സ്വന്തം ക്ലാസിക്കല്‍, ഫോക്ക്, ആയോധന കലാപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക നൃത്തച്ചുവടുകളാണ് മാമാങ്കം ഗ്രൂപ്പ് തങ്ങളുടെ സ്റ്റേജ് പ്രസന്റേഷനുകളില്‍ ഉപയോഗിക്കുന്നത്. ശാസ്ത്രീയ നൃത്തങ്ങള്‍ക്കൊപ്പം, നാടോടി നൃത്തത്തിന്റെയും കളരിപ്പയറ്റിന്റെയും ചുവടുകള്‍ നൃത്തഭാഷയുടെ ഭാഗമാക്കി റിമയും സംഘവും മാറ്റുന്നു.

ചേന്ദമംഗലത്തെ കൈത്തറി നെയ്ത്തു തൊഴിലാളികളുടെ ജീവിതവും 2018ലെ പ്രളയത്തെ ഇവര്‍ അതിജീവിച്ച രീതിയുമാണ് നെയ്‌ത്തെയില്‍ നൃത്തരൂപത്തില്‍ അരങ്ങിലെത്തുന്നത്. 2018ലെ മഹാപ്രളയും ഇവരുടെ ജീവിതങ്ങളെ വെള്ളത്തില്‍ മുക്കിയിരുന്നു. തറികളും നെയ്ത്തു സാമഗ്രികളും വെള്ളം കയറി നശിച്ചു. അതിലൂടെ നഷ്ടപ്പെട്ട സ്വപ്‌നങ്ങളുടെയും ഇവരുടെ അതിജീവനത്തിന്റെയും കഥയാണ് നെയ്‌ത്തെ പറയുന്നത്. പ്രേക്ഷകരുടെ സ്റ്റാന്‍ഡിങ് ഒവേഷനാണ് നെയ്‌ത്തെ അരങ്ങില്‍ സമാപിച്ചപ്പോള്‍ ഉയര്‍ന്നത്.

ഈ വിജയത്തെ തുടര്‍ന്ന് അടുത്ത മാസം മസ്‌കറ്റില്‍ നടക്കുന്ന ഒമാനിലെ അതിപ്രശസ്തമായ അല്‍ ഡാന്‍ ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും മാമാങ്കം ഡാന്‍സ് കമ്പനിക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *