കൊച്ചി: കോഴിക്കോട്ട് ആറുവയസുകാരി അദിതി എസ് നമ്പൂതിരി എന്ന ബാലികയെ ക്രൂരമായ ശാരീരിക പീഡനത്തിനു വിധേയയാക്കിയും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ പിതാവ് സുബ്രമണ്യന്‍ നമ്പൂതിരിക്കും രണ്ടാനമ്മ റംല ബീഗം എന്ന ദേവികയ്ക്കും ജീവപര്യന്തം തടവ് വിധിച്ച് കേരള ഹൈക്കോടതി.
കേസില്‍ ആദ്യം വിചാരണ നടത്തിയ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നാം പ്രതി സുബ്രമണ്യന് വിധിച്ച രണ്ടു വര്‍ഷത്തെ തടവും രണ്ടാം പ്രതി ദേവികയ്ക്കു വിധിച്ച മൂന്നു വര്‍ഷത്തെ തടവും റദ്ദാക്കിയാണ് ഹൈക്കോടതി രണ്ടു പേര്‍ക്കും ജീവപര്യന്തമായി ശിക്ഷ വര്‍ധിപ്പിച്ചത്. ക്രൂരത കാട്ടിയെങ്കിലും കൊലക്കുറ്റം ആരോപിക്കാന്‍ കഴിയില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ കൊലക്കുറ്റം തന്നെയാണ് ചുമത്തേണ്ടതെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ശിക്ഷ വര്‍ധിപ്പിക്കുന്നത്. ജസ്റ്റിസുമാരായ രാജ വിജയരാഘവനും കെ വി ജയകുമാറുമാണ് ഹൈക്കോടതിയില്‍ ശിക്ഷ വിധിക്കുന്നത്. തടവ് അനുഭവിക്കുന്നതിനു പുറമെ പ്രതികള്‍ രണ്ടു ലക്ഷം രൂപ പിഴയൊടുക്കണമെന്നും വിധിയിലുണ്ട്.
2013 ഏപ്രില്‍ 29നാണ് കോഴിക്കോട് തട്ടേക്കാട് ഇല്ലത്ത് സുബ്രമണ്യന്‍ നമ്പൂതിരിയുടെ ആദ്യ വിവാഹത്തിലുണ്ടായ മകള്‍ അദിതി ക്രൂരമായി കൊല്ലപ്പെടുന്നത്. പത്തുവയസുള്ള ഒരു മകനും നമ്പൂതിരിക്ക് ഈ ബന്ധത്തിലുണ്ടായിരുന്നു. ഒരു റോഡപകടത്തില്‍ ആദ്യ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോഴാണ് റംലാ ബീവിയെന്ന ദേവികയെ സുബ്രമണ്യന്‍ വിവാഹം ചെയ്യുന്നത്. ഇതോടെ രണ്ടു കുട്ടികള്‍ക്കും പീഡനത്തിന്റെ നാളുകള്‍ ആരംഭിച്ചു. ദേഹോപദ്രവത്തിനു പുറമെ പട്ടിണിക്കിട്ടുമായിരുന്നു പീഡനം. മരിക്കുമ്പോള്‍ ദേവികയുടെ വയറ്റിലുണ്ടായിരുന്നത് രണ്ടാഴ്ച മുമ്പ് കഴിച്ച പച്ചമാങ്ങയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു. അദിതിയുടെ സ്വകാര്യഭാഗങ്ങളില്‍ തിളച്ചവെള്ളമൊഴിച്ചാണ് രണ്ടാനമ്മ ശിക്ഷിച്ചിരുന്നത്. പൊള്ളല്‍ പഴുത്തതോടെ ചികിത്സ പോലും നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊലക്കുറ്റം തന്നെ ചുമത്താനുള്ള തീരുമാനം ഹൈക്കോടതിയെടുക്കുന്നത്.

