ന്യൂഡല്‍ഹി: ചൈനീസ് തൊഴില്‍ കെണിയില്‍ നിന്നു രക്ഷപെടാന്‍ അനധികൃതമായി തായ്‌ലന്‍ഡിലേക്ക് അതിര്‍ത്തി കടന്നെത്തുകയും അവിടെ തടവിലാക്കപ്പെടുകയും ചെയ്ത ഇന്ത്യക്കാരുടെ രക്ഷയ്ക്ക് ഇന്ത്യയെത്തുന്നു. ഇതു സംബന്ധിച്ച് തായ് ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ എത്തുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കയറ്റ അയയ്ക്കുമെന്ന് തായ്‌ലന്‍ഡ് ഗവണ്‍മെന്റ് വെളിപ്പെടുത്തി. ആകെ അഞ്ഞൂറിലധികം ഇന്ത്യക്കാരാണ് തായ്‌ലന്‍ഡില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്.
വിദേശ ജോലിയെന്ന വാഗ്ദാനത്തില്‍ കുടുങ്ങി മ്യാന്‍മറില്‍ എത്തിയതാണ് ഇവരെല്ലാം. എന്നാല്‍ ലഭിച്ചതാകട്ടെ മ്യാന്‍മറില്‍ ചൈനീസ് ബന്ധത്തില്‍ നടത്തിയിരുന്ന സൈബര്‍ തട്ടിപ്പുകളുടെ സ്ഥാപനത്തിലും. അവിടെ സൈന്യം റെയ്ഡ് നടത്തുന്നതിനിടെ രക്ഷപെടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇവര്‍ അനധികൃതമായി തായ്‌ലന്‍ഡില്‍ എത്തുന്നത്. എന്നാല്‍ മതിയായ യാത്രാരേഖകളുടെ അഭാവത്തില്‍ ഇവര്‍ തായ് പോലീസിന്റെ പിടിയില്‍ അകപ്പെടുകയും അവിടെ തടവിലാകുകയുമായിരുന്നു. കോവിഡിന് ശേഷം തായ്‌ലന്‍ഡ്, മ്യാന്‍മര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലുള്ള പല പ്രദേശങ്ങളും ചൈനീസ് മാഫിയയുടെ പിടിയിലാണ്. അവിടങ്ങളില്‍ മുഴുവന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ബിസിനസുകളാണ് തഴച്ചു വളരുന്നത്.

