മുംബൈ: ലോകത്തിലെ മുന്‍നിര ഐടി കമ്പനികളിലൊന്നായ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രവേശിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായി കോഗ്നിസാന്റ് മാറും. യുഎസിലെ ന്യൂജഴ്സിയിലെ ടീനെക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഗ്നിസാന്റ് ലോകത്തിലെ ഏറ്റവും മുന്‍നിര ഐടി കമ്പനികളിലൊന്നാണ്.
കമ്പനിയുടെ രണ്ടാം കാര്ട്ടറിലെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജതിന് ദലാലാണ് പ്രഥമ ഓഹരി വില്പന (ഐപിഒ) നടത്തുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിക്കുന്ന പദ്ധതികള്‍ കമ്പനിയുടെ ബോര്‍ഡും മാനേജ്മെന്റും നിരന്തരമായി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച് നിയമ-സാമ്പത്തിക വിദഗ്ധരുമായ ചര്‍ച്ച നടത്തുകയാണെന്നായിരുന്നു ദലാലിന്റെ പ്രഖ്യാപനം. അതേ സമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഓഹരി ഉടമകളുടെ താല്പര്യം പരിഗണിച്ചു മാത്രമായിരിക്കും മുന്നോട്ടു പോകുകയെന്നും അദ്ദേഹം പറയുന്നു.
കോഗ്നിസാന്റിന്രെ മൂന്നര ലക്ഷം ജീവനക്കാരില്‍ പാതിയിലേറെയും ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്. വരുമാനത്തിന്റെ തൊണ്ണൂറു ശതമാനവും വരുന്നതാകട്ടെ യുഎസില്‍ നിന്നും. രണ്ടാം ക്വാര്‍ട്ടറില്‍ മികച്ച പ്രവര്‍ത്തനമാണ് കോഗ്നിസാന്റ് നടത്തിയിരിക്കുന്നത്. നിലവില്‍ ഐടി ഭീമന്മാരില് ഇന്‍ഫോസിസും വിപ്രോയും മാത്രമാണ് ഇന്ത്യയിലെയും യുഎസിലെയും ഓഹരി വിപണികളില്‍ വ്യാപാരം നടത്തുന്നത്.

