ഓസ്‌ട്രേലിയന്‍ ആദിമ ജനതയുടെ കലയും ഭാവനയും തിളങ്ങുന്ന ഫാഷന്‍ വസ്ത്ര പ്രദര്‍ശനം കടല്‍ കടന്ന് ഇന്ത്യയിലെത്തുമ്പോള്‍

ന്യൂഡല്‍ഹി: ഗാലറി എക്‌സ്എക്‌സ്എലില്‍ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്റെയും ഫാഷന്‍ ഡിസൈനിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കണക്ഷന്‍ ടു കണ്‍ട്രി എക്‌സിബിഷന്‍ ഓസ്‌ട്രേലിയന്‍ ആദിമ ജനതയുടെ കലാചാരുതിയില്‍ തയാറാക്കിയ കിരികിന്‍ ഫാഷന്‍ വസ്ത്രങ്ങളെ ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ പരിചയപ്പെടുത്തുന്നതായി. കിരികിന്‍ എന്ന ഡിസൈനര്‍ ലേബലില്‍ തയാറാക്കുന്ന അലങ്കാര-ഫാഷന്‍ വസ്ത്രങ്ങളിലെല്ലാം പകര്‍ത്തുന്നത് ഓസ്‌ട്രേലിയന്‍ ആദിമജനതയുടെ കഥകളും കലാ വാസനയുമാണ്.

സ്‌കാര്‍ഫുകള്‍, ടോപ്പുകള്‍, ഗൗണുകള്‍ തുടങ്ങി സ്ത്രീകളുടെ വസ്ത്രങ്ങളാണ് കിരികിന്‍ തയാറാക്കുന്നത്. ഇവയുടെ തുന്നലില്‍ മുതല്‍ നെയ്ത്തില്‍ വരെ ആദിമജനതയുടെ തനതു രീതികളുടെ സ്പര്‍ശമാണുള്ളത്. ഇതിനുപയോഗിക്കുന്ന ഫാബ്രിക്കിലെ ചിത്രങ്ങള്‍ക്കും പാറ്റേണുകള്‍ക്കും ആദിമജനതയുടെ ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്ന കഥകളും സൗന്ദര്യബോധവുമായി ബന്ധമുണ്ട്. പ്രദര്‍ശനത്തിന് എത്തിയ ചില വസ്ത്രങ്ങള്‍ ആദിമജനതയുടെ തനത് രീതികളില്‍ തുന്നിയതോ നെയ്തതോ ആണെങ്കില്‍ മറ്റു ചിലത് അവരുടെ തനതു ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ഫാബ്രിക്ക് ഉപയോഗിച്ച് മോഡേണ്‍ പാറ്റേണുകളില്‍ തയ്‌ച്ചെടുത്തിരിക്കുന്നതാണ്.

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന്‍ ആള്‍ക്കാരാണ് എക്‌സിബിഷന്‍ കാണാനെത്തിയത്. വസ്ത്രങ്ങളിലെ ആദിമ ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ട പാറ്റേണുകള്‍ക്കപ്പുറം ഈ എക്‌സിബിഷനു നല്‍കിയിരുന്ന പേര് കണക്ഷന്‍ ടു കണ്‍ട്രി എന്നത് ഇവരുടെ സ്വന്തം പ്രയോഗവുമാണ്. ആദിമ ജനത തങ്ങളുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത് കണ്‍ട്രി എന്ന പദമാണ്. അതിന്റെ ഉപയോഗത്തിലൂടെയും ആദിമ ജനതയുടെ സാംസ്‌കാരിക ജീവിതത്തിലേക്ക് വെളിച്ചം വീശാന്‍ ഈ എക്‌സിബിഷനായി

Leave a Reply

Your email address will not be published. Required fields are marked *