ബ്രിസ്ബേന്‍: ഇന്ത്യന്‍ വംശജനായ ഒരു ബസ്ഡ്രൈവര്‍ക്ക് ആദരങ്ങളര്‍പ്പിക്കാന്‍ സഹപ്രവര്‍ത്തകരായിരുന്ന തൊഴിലാളികള്‍ ഒത്തുചേരുന്നത് ഇത് ഒമ്പതാം വര്‍ഷം. 2016 ഒക്ടോബര്‍ 16ന് ജോലിയിലിരിക്കെ കൊല്ലപ്പെട്ട മന്മീത് ശര്‍മ അലിഷര്‍ എന്ന പഞ്ചാബി വംശജനാണ് ഇന്നും സഹപ്രവര്‍ത്തകരുടെ ഓര്‍മകളില്‍ ഒളിമങ്ങാതെ ജീവിക്കുന്നത്. മന്മീതിനു നേരേ ആക്രമണമുണ്ടായ മൂറൂക്കയിലാണ് റെയില്‍, ട്രാം അന്‍ഡ് ബസ് യൂണിയനിലെ അംഗങ്ങള്‍ ചൊവ്വാഴ്ച ഒത്തു ചേര്‍ന്നത്. തൊഴിലെടുത്തുകൊണ്ടിരിക്കെ അതിദാരുണമായാണ് മന്മീത് കൊല്ലപ്പെടുന്നത്.
യാത്രക്കാരുമായി ബസ് ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെ മൂറൂക്ക ബസ്സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയപ്പോള്‍ ആരോ തീപിടിക്കുന്ന എന്തോ വസ്തു ഇയാള്‍ക്കു നേരേ എറിയുകയായിരുന്നു. ആളിപ്പടര്‍ന്ന തീയില്‍ മന്മീതിനും വണ്ടിക്കുള്ളില്‍ കുടുങ്ങിപ്പോയ പതിനാലു യാത്രക്കാര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. മാരകമായി പൊള്ളലേറ്റ മന്മീത് പിന്നീട് മരണത്തിനു കീഴടങ്ങുകയും ചെയ്തു. ബ്രിസ്ബേനിലെ പഞ്ചാബി സമൂഹത്തിനിടയിലും ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയായിരുന്നു ഇയാള്‍. റെയില്‍, ട്രാം, ബസ് ഡ്രൈവര്‍മാരുടെ യൂണിയനിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
മന്മീതിന്റെ മരണം അക്കാലത്ത് ഏറെ വാര്‍ത്താപ്രാധാന്യം കൈവരിക്കുകയും ചെയ്തു. ഇയാളുടെ ഘാതകനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആള്‍ക്കാരാണ് മെഴുകുതിരി ജാഥയിലുമൊക്കെ പങ്കെടുത്തത്. അനുഗൃഹീത ഗായകന് കൂടിയായിരുന്ന മന്മീതിന്റെ പാട്ടുകളില്ലാതെ പഞ്ചാബി സമൂഹത്തിന്റെ ഒരു പരിപാടിയും നടക്കില്ലായിരുന്നു. നല്ലൊരു നാടകനടന്‍ കൂടിയായിരുന്നു ഇയാള്‍.

