മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 മത്സരം മെല്‍ബണില്‍ വെള്ളിയാഴ്ച പന്തെറിഞ്ഞു തുടങ്ങുന്നതിനു മുമ്പ് വിക്ടോറിയയിലെ ജനത മറ്റൊരു ക്രിക്കറ്റ് ഇതിഹാസത്തിനു കാതുകൊടുക്കും. ഇതൊരു കഥ പറച്ചിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റാരും കാണാത്ത വിധത്തില്‍ തൊട്ടടുത്തു നിന്നു കാണുകയും ക്രിക്കറ്റിന്റെ മറ്റാര്‍ക്കും അറിയാത്ത നിരവധി കഥകള്‍ക്കു സാക്ഷിയാകുകയും ചെയ്തൊരു ഇന്ത്യക്കാര്‍ താന്‍ കടന്നു വന്ന വഴികളുടെ കഥ പറയുകയായിരിക്കും ക്രിക്കറ്റ് കഹാനി ബാസ് എന്ന പരിപാടിയിലൂടെ. ഒപ്പമുണ്ടാകുക തിരഞ്ഞെടുത്ത ശ്രോതാക്കളും പത്രപ്രവര്‍ത്തന സെലിബ്രിറ്റി റൂബന്‍ വില്യംസും. മെല്‍ബണ്‍ ക്രിമോര് ഗൈ്വന്‍ സ്ട്രീറ്റിലെ ദി കോമണ്‍സിലാണ് ഈ വേറിട്ട കഥ പറച്ചില് അരങ്ങേറുക. സമയം വൈകുന്നേരം നാലുമുതല്‍ അഞ്ചു വരെ.
ക്രിക്കറ്റിന്റെ ലോകത്തെക്കുറിച്ച് പന്തിന്റെ ആംഗിളിനപ്പുറം പന്തെറിയുന്നവരുടെയും ബാറ്റേന്തുന്നവരുടെയും വ്യക്തിജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രേഖപ്പെടുത്തിയാണ് വിമല്‍കുമാര്‍ എന്ന സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ശ്രദ്ധേയനായത്. അതുകൊണ്ടാണ് വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്രോഫി സെലിബ്രേഷനിലേക്ക് രോഹിത് ശര്‍മ സ്വന്തം അതിഥിയായി വിമല്‍ കുമാറിനെ കൂടെ കൂട്ടിയത്. മറ്റാര്‍ക്കും കൊടുക്കാത്ത അഭിമുഖങ്ങള്‍ വിരാട് കോഹ്ലിയും രവിചന്ദ്രന്‍ അശ്വിനും എം എസ് ധോനിയും അനുവദിച്ചു കൊടുത്തത്.
ജാര്‍ഘണ്ഡിലെ ധൂംക എന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് എവിടെയൊക്കെ എത്തിയിട്ടുണ്ടോ അവിടെയെല്ലാം വരെ വിമല്‍കുമാറും എത്തിയിട്ടുണ്ട്. ഇപ്പോള്‍ മെല്‍ബണിലാണ് വിമല്‍ കുമാര്‍. സ്വന്തം പ്രവാസ ലോകം വിമലിനു നല്കുന്ന അവസരമാണ് കഥപറച്ചിലിനുള്ള വേദി. ഒരു നാട് ആ കഥകള്‍ക്കു കാതോര്‍ക്കുകയാവും വെള്ളിയാഴ്ച.

