കാന്‍ബറ: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്ത് വളരെ സുരക്ഷിതമായ നിലയില്‍ നില്‍ക്കെയാണ് മഴ കനക്കുന്നത്. നേരത്തെ അഞ്ച് ഓവറായപ്പോഴും മഴ വന്നിരുന്നെങ്കിലും കളി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.
ആദ്യം കളി തടസപ്പെട്ടതിനു ശേഷം ഓവറുകളുടെ എണ്ണം പതിനെട്ടായി ചുരുക്കിയിരുന്നു. എന്നാല്‍ പത്താം ഓവറെത്തിയപ്പോഴേക്കും അടുത്ത മഴയുടെ വരവായി. ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും മഴയുടെ ഹുങ്ക് ശമിക്കാതിരുന്നതോടെയാണ് കളി ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഇന്ത്യ മികച്ച നിലയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് മഴയുടെ വരവ്. ഇരുപത് പന്തില്‍ ഒരു സിക്സും നാലു ഫോറും ഉള്‍പ്പെടെ37 റണ്‍സുമായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും 24 പന്തില്‍ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 39 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായിരുന്നു കളി നിര്‍ത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. നേരത്തെ 14 പന്തില്‍ 19 റണ്‍സെടുത്ത് അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
പരമ്പരയിലെ രണ്ടാമത്തെ മത്സരം വെള്ളിയാഴ്ച മെല്‍ബണിലാണ് നടക്കുന്നത്. അവിടെയും മഴ വില്ലനായി മാറുമോയെന്ന ആശങ്കയാണ് ഇരു ടീമുകള്‍ക്കുമുള്ളത്.

