ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിട്ട് ആമസോണ്‍, നോട്ടീസ് കിട്ടിയത് അതിരാവിലെ ജോലിക്കിറങ്ങുമ്പോള്‍

വാഷിങ്ടന്‍: ലോകത്തിലെ ടെക് ഭീമന്‍മാരുടെ അതേ പാതയിലേക്ക് ആമസോണും മുന്നേറുന്നു. 2022ല്‍ 2700 ജീവനക്കാരെ പിരിച്ചു വിട്ടതിനു ശേഷം ആ വഴി ഉപേക്ഷിച്ചുവെന്നു കരുതിയ സമയത്ത് ഇതാ ആയിരത്തിലധികം ജീവനക്കാരെ മണിക്കൂറുകളുടെ മാത്രം നോട്ടീസ് നല്‍കി ജോലിയില്‍ നിന്നു പുറത്താക്കിയിരിക്കുന്നു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പതിനാലായിരം ജീവനക്കാരെ ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത്ര വേഗം ഇങ്ങനെയൊരു ഇരുട്ടടി വരുമെന്ന് അവരും കരുതിയിരുന്നില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന സന്ദേശം ഇത്രയും പേര്‍ക്ക് കിട്ടുന്നത്.

സ്വന്തം മെയിലോ കമ്പനി മെയിലോ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് പല ജീവനക്കാര്‍ക്കും ലഭിച്ചത്. ആ മെയില്‍ പരിശോധിക്കുമ്പോഴാണ് ജോലി അവസാനിപ്പിക്കുകയാണെന്ന് പറയുന്നതായിരുന്നു അതെന്ന് അവര്‍ക്കു മനസിലാകുന്നത്. അതിരാവിലെ ലഭിച്ച മെയില്‍ സന്ദേശത്തില്‍ അന്നു മുതല്‍ പണിയില്ല എന്ന വിവരം കണ്ട എല്ലാവരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലും ഡെലിവറി മേഖലയിലും പുതിയ രീതികള്‍ പരീക്ഷിക്കുന്നതിന്റെ അടുത്ത പടിയാണ് കൂട്ട പിരിച്ചുവിടലെന്ന് പറയുന്നു. മറ്റു മേഖലകളില്‍ ചെലവു ചുരുക്കി പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി.

പിരിച്ചു വിടപ്പെട്ടവര്‍ക്ക് മൂന്നു മാസത്തെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്നും അതിനു പുറമെ പ്രത്യേക പിരിച്ചുവിടല്‍ പാക്കേജ് അനുവദിക്കുമെന്നും അറിയിപ്പിലുണ്ടായിരുന്നു. ആമസോണ്‍ ഇന്ത്യയിലെ പതിനായിരത്തോളം ജീവനക്കാര്‍ക്കും ഇതേ രീതിയില്‍ പിരിച്ചുവിടല്‍ നേരിടേണ്ടി വന്നേക്കാമെന്ന വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *