ന്യൂഡല്‍ഹി: കേരളത്തിലെ നഗരങ്ങളില്‍ ഏറ്റവും ശുദ്ധമായ വായു ലഭ്യമാകുന്നത് കണ്ണൂര്‍ നഗരത്തില്‍. ഇന്ത്യയിലെ വിവിധ നഗര പ്രദേശങ്ങളിലെ വായുവിന്റെ ശുദ്ധിയുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തു വരുന്നത് കണ്ണൂരാണ്. പ്രസിദ്ധ ഓണ്‍ലൈന്‍ ജീവിതശൈലീ മാധ്യമമായ ലൈഫ്‌സ്റ്റൈല്‍ ഏഷ്യയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. സ്വതന്ത്രമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക ചിട്ടപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിനു തൊട്ടുതന്നെ കോഴിക്കോടുമുണ്ട്, ആറാം സ്ഥാനത്ത്. ഏഷ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള ഉപദേശമെന്ന നിലയിലാണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തു വരുന്നത് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലാണ്. രണ്ടു വര്‍ഷമായി ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വലയുകയാണെങ്കിലും വായുവിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ഇംഫാലിനു സാധിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തു വരുന്നത് കൂര്‍ഗ് ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയാണ്. മൂന്നാം സ്ഥാനത്തു വരുന്നത് കര്‍ണാടകത്തിലെ തന്നെ മൈസൂരുവും. നാലാം സ്ഥാനത്ത് ഹിമാതല്‍ പ്രദേശിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മണാലി. അഞ്ചും ആറും സ്ഥാനങ്ങള്‍ കേരളത്തിനു സ്വന്തം-കണ്ണൂരും കോഴിക്കോടും. ഏഴാം സ്ഥാനത്ത് തമിഴ്‌നാട്ടിലെ ഊട്ടിയും എട്ടാം സ്ഥാനത്ത് ജമ്മു കാശ്മീരിലെ ശ്രീനഗറും ഒമ്പതാം സ്ഥാനത്ത മിസോറാമിലെ ഐസ്വാളും വരുന്നു.

ഈ സ്ഥലങ്ങള്‍ക്കെല്ലാം പൊതുവായ പ്രത്യേകത ഏതെങ്കിലും മലനിരകളോടും വനങ്ങളോടും ചേര്‍ന്നു വരുന്നു എന്നതു തന്നെയാണ്. കേരളത്തിലെ കണ്ണൂരിനും കോഴിക്കോടിനുമുള്ള പ്രത്യേകത ഒരു വശത്ത് പശ്ചിമ ഘട്ട പര്‍വത നിരകളും മറുവശത്ത് അറബിക്കടലും വരുന്നു എന്നതാണ്. പശ്ചിമഘട്ടം മരങ്ങളും വനങ്ങളും നിറഞ്ഞതാണെങ്കില്‍ അറബിക്കടലില്‍ നിന്നു സദാ വീശുന്ന കാറ്റ് വായുവിലെ എല്ലാ മാലിന്യങ്ങളെയും ദൂരേക്ക് മാറ്റുകയും ചെയ്യുന്നു.

