സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വളരെ വ്യാപകമായി പെണ്‍കുട്ടികള്‍ ഓണ്‍ലൈനില്‍ വേട്ടയാടപ്പെടുകയാണെന്ന് പുതിയതായി സ്ഥാനമേല്‍ക്കുന്ന ഫെഡറല്‍ പോലീസ് മേധാവി ക്രിസി ബാരറ്റ്. വളരെ സംഘടിത രീതിയില്‍ പെണ്‍കുട്ടികളെ നിരീക്ഷണ വലയത്തില്‍ കുരുക്കിയിടുന്നവരുടെ എണ്ണം രാജ്യത്തു കൂടുകയാണ്. അവരെ തെറ്റായ കാര്യങ്ങളിലേക്ക് ഇക്കൂട്ടര്‍ വലിച്ചിടുകയാണ്. ഇതിനൊപ്പം അവരെക്കൊണ്ട് സ്വയം പരിക്കേല്‍പിക്കുകയും അടുത്ത ബന്ധുക്കളെയും വളര്‍ത്തു മൃഗങ്ങളെയും പരിക്കേല്‍പിക്കുകയും ചെയ്യുന്ന രീതിയിലേക്ക് ചിലര്‍ നീങ്ങുകയുമാണ്. ഇതിനെതിരേ കര്‍ശനമായ നടപടികളായിരിക്കും തന്റെ ഭാഗത്തു നിന്ന് ആദ്യമായി ഉണ്ടാകുകയെന്ന് അവര്‍ സൂചന നല്‍കുന്നു.
ഇന്ന് നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തുന്ന പ്രഥമ പത്രസമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിക്കുന്നതിനാണ് തീരുമാനം. ഇക്കൂട്ടരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് പ്രത്യേക ദൗത്യസംഘത്തിന് ക്രിസി ബാരറ്റ് രൂപം നല്‍കിക്കഴിഞ്ഞു. കടന്നല്‍ ദൗത്യസംഘം എന്നു പേരിട്ടിരിക്കുന്ന ഈ പ്രത്യേക പോലീസ് സംഘം ഇത്തരം കേസുകള്‍ മാത്രമായിരിക്കും ഏറ്റെടുക്കുക.
ഫെഡറല്‍ പോലീസ് ഇതിനകം ഇത്തരം സംഘടിത കുറ്റകൃത്യത്തിനു നേതൃത്വം നല്‍കുന്ന 59 പേരെ കണ്ടെത്തിക്കഴിഞ്ഞു. ഇവരെല്ലാം ഓണ്‍ലൈന്‍ ക്രിമിനല്‍ ശൃംഘലയുടെ ഭാഗങ്ങളാണ്. ഇതില്‍ മൂന്നു പേരെ ഇതിനകം അറസ്റ്റ് ചെയ്യാനും പോലീസിനു കഴിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം പതിനേഴിനും ഇരുപതിനും ഇടയില്‍ മാത്രം പ്രായമുള്ളവരാണ്. കടന്നല്‍ ദൗത്യസംഘം ഇരകളെ സംരക്ഷിക്കുന്നതിനൊപ്പം കുറ്റവാളികളെ ദാക്ഷിണ്യമില്ലാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് ക്രിസി ബാരറ്റ് അറിയിച്ചു. നമ്മുടെ പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് വിശ്രമമില്ലാത്ത പ്രവര്‍ത്തനമായിരിക്കും തന്റെ ഭാഗത്തു നിന്നുണ്ടാകുകയെന്ന് അവര്‍ വെളിപ്പെടുത്തി.

