സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി ഇനി പാചകവാതക രഹിതമായ നഗരമാകുന്നതിനുള്ള ആദ്യ ചുവടുവയ്പിലേക്ക്. ഇനി മുതല്‍ സിഡ്നിയില്‍ നിര്‍മിക്കുന്ന മുഴുവന്‍ കെട്ടിടങ്ങളും പൂര്‍ണമായും ഊര്‍ജാവശ്യങ്ങള്‍ക്കു വൈദ്യുതിയെ മാത്രമേ ആശ്രയിക്കാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച് സിഡ്നി നഗര കൗണ്‍സില്‍ തീരുമാനമെടുത്തു. ഏതു പുതിയ കെട്ടിടത്തിലും ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരുവസ്തുവും അനുവദിക്കുന്നതായിരിക്കില്ലെന്നു കൗണ്‍സില്‍ പറയുന്നു. ഇതിനുള്ള അവസാന അംഗീകാരം സിറ്റി ഓഫ് സിഡ്നി കൗണ്‍സില്‍ ഇന്നലെ നല്കി.
വീടുകള്ക്കുള്ളിലായാലും ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റൗ, ഹീറ്റര്‍ തുടങ്ങിയ ഒരു ഗൃഹോപകരണങ്ങളും അനുവദിക്കുന്നതല്ലെന്ന് ഇക്കൊല്ലം ആദ്യം തന്നെ കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നതാണ്. അതാണ് ഇപ്പോള്‍ കുറേക്കൂടി കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് വീടിനകത്തു മാത്രമല്ല, വീടിനു പുറത്തും ഗ്യാസ് ഉപകരണങ്ങള്‍ ഒന്നും അനുവദിക്കില്ല. അതുപോലെ വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങളിലും റസ്റ്റോറന്റുകളിലുമൊന്നും ഗ്യാസിന്റെ ഉപയോഗം അനുവദിക്കില്ല. 2027 ജനുവരി ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതാണ്.

