കുട്ടിക്കുറ്റവാളികള്‍ ആനായാസ ജാമ്യം നേടുന്നതു തടയാനും ശിക്ഷ കടുപ്പിക്കാനും നിയമമുണ്ടാക്കാന്‍ എസ്എ ഗവണ്‍മെന്റ്

അഡലെയ്ഡ്: കുട്ടിക്കുറ്റവാളികള്‍ക്കുള്ള നിയമം കടുപ്പിക്കുന്നതിന് സൗത്ത് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ നിയമപരമായി ലഭിക്കുന്ന പല ആനുകൂല്യങ്ങളും ഇതോടെ ഇല്ലാതാകും. അവര്‍ക്ക് അനായാസം ജാമ്യം ലഭിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും. അതുപോലെ കൂടുതല്‍ കടുപ്പമേറിയ ശിക്ഷകള്‍ ഉറപ്പാക്കുന്നതിനും നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയും ചെയ്യും.

അഡലെയ്ഡിന്റെ പ്രാന്തപ്രദേശമായ പ്ലിംപ്റ്റണില്‍ കുപ്പികള്‍ നിര്‍മിക്കുന്നൊരു ഫാക്ടറിയില്‍ കുട്ടിക്കുറ്റവാളികള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കൗമാര പ്രായത്തിലുള്ള പന്ത്രണ്ട് കുട്ടികളായിരുന്നു അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ ഫാക്ടറിയിലെ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. രണ്ടു പെണ്‍കുട്ടികള്‍ ഫാക്ടറി പരിസരത്തു നിന്ന് മദ്യം മോഷ്ടിക്കുന്നതു തടയാന്‍ ശ്രമിച്ചതിനായിരുന്നു ആക്രമണമെന്നു പറയുന്നു.

ഫാക്ടറിയുടെ വാതില്‍ അടച്ച് രക്ഷപെടാന്‍ തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും കുട്ടിസംഘം അപ്പോള്‍ മുന്‍വാതിലിലൂടെ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനു സാധിക്കാതെ വന്നതോടെ ഫാക്ടറിക്കു നേരേ കല്ലേറ് ആരംഭിക്കുകയും ചെയ്തു. സംഭവസ്ഥലത്തു നിന്ന് അഞ്ചു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ എല്ലാവര്‍ക്കും തതൊട്ടു പിന്നാലെ ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിലാണ് നിയമം പരിഷ്‌കരിക്കുന്നതിനു തീരുമാനമെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *