നെയ്‌റോബി: കെനിയയില്‍ വിനോദസഞ്ചാരികളുമായി പറക്കുകയായിരുന്ന ചെറുവിമാനം തകര്‍ന്നു വീണ് പന്ത്രണ്ടു പേര്‍ മരിച്ചു. ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനി എന്ന പ്രദേശത്ത് ഇന്നലെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മരിച്ചവരില്‍ എട്ടു പേര്‍ ഹംഗറിയില്‍ നിന്നുള്ളവരും രണ്ടു പേര്‍ ജര്‍മനിയില്‍ നി്ന്നുള്ളവരും ശേഷിക്കുന്നവര്‍ വിമാനത്തിലെ ജീവനക്കാരുമാണ്. വിനോദ സഞ്ചാര കേന്ദ്രമായ ദിയാനില്‍ നിന്ന് മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്.
വിശ്വപ്രസിദ്ധമായ മസായി മാര വന്യജീവി സങ്കേതത്തിലെ ഒരു സ്ഥലമാണ് കിച്വ ടെംബോ. ഇവിടേക്ക് വിനോദ സഞ്ചാരികളെ കൊണ്ടു പോകുന്നതിനു മാത്രം സര്‍വീസ് നടത്തുന്ന ചെറു വിമാനമാണ് തകരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തകര്‍ന്നു വീണ വിമാനം കത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

