ഓസീസിനെതിരേ കളിക്കും മുമ്പേ ഇന്ത്യ പരുങ്ങലില്‍, മികച്ച ഫോമിലുള്ള ഓപ്പണര്‍ പ്രതിക റാവലിനു പരിക്ക്

നവി മുംബൈ: ഐസിസി വനിതാ ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടാന്‍ തയാറെടുക്കുന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ ചെറിയ തിരിച്ചടി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഓപ്പണര്‍ പ്രതിക റാവല്‍ ടൂര്‍ണമെന്റില്‍ തുടരാനാവാത്ത അവസ്ഥയിലാണ്. തകര്‍പ്പന്‍ ഫോമിലായിരുന്ന പ്രതികയുടെ അഭാവം ഇന്ത്യയ്ക്കു കനത്ത നഷ്ടമായിരിക്കുമെന്നതില്‍ സംശയമില്ല. ന്യൂസീലാന്‍ഡിനെതിരായ മത്സരത്തില്‍ പ്രതിക സെഞ്ചുറി നേടിയതുമാണ്. മഴ കാരണം നനഞ്ഞ ഔട്ട് ഫീല്‍ഡില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പ്രതികയുടെ കണങ്കാലിനു പരിക്കേറ്റത്.

പരിക്കേറ്റ് വീണ പ്രതികയ്ക്ക് പരസഹായമില്ലാതെ ഗ്രൗണ്ട് വിടാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇരുപത്തഞ്ചുകാരിയായ പ്രതിക ഓസ്‌ട്രേലിയയ്ക്ക് എതിരായ ഗ്രൂപ്പ് മത്സരത്തിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. പത്തു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 75 റണ്‍സാണ് വിശാഖപട്ടണത്തു നടന്ന മത്സരത്തില്‍ ഇവര്‍ നേടിയത്. സ്മൃതി മന്ദാനയ്‌ക്കൊപ്പം വളരെ നന്നായി ചേര്‍ന്നു പോകുന്ന ഓപ്പണറാണ് പ്രതിക. ഇവരുടെ മികച്ച തുടക്കമാണ് പലപ്പോഴും ഇന്ത്യയെ തുണയ്ക്കുന്നതും. ലോക കപ്പില്‍ ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ പ്രതികയ്ക്ക് പകരം ഷെഫാലി വര്‍മയെ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *