ദോഹ: ഖത്തറില്‍ നവംബര്‍ മൂന്നിന് ആരംഭിക്കുന്ന ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ഔദ്യോഗിക ടിക്കറ്റിങ് ആപ്പ് റോഡ് ടു ഖത്തര്‍ പുറത്തിറങ്ങി. ഖത്തറില്‍ നവംബര്‍ 27 വരെയാണ് അണ്ടര്‍ 17 ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുക. ഫോണില്‍ നിന്നു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനും സൂക്ഷിച്ചു വയ്ക്കാനും മറ്റുള്ളവര്‍ക്കു കൈമാറ്റം ചെയ്യാനുമെല്ലാം അവസരമൊരുക്കുന്ന വിധത്തിലാണ് ഈ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഐഓഎസ് ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഈ ആപ്പ് ലഭ്യമായിട്ടുണ്ട്. ഇതുപയോഗിച്ച് ബുക്കു ചെയ്യുന്ന ടിക്കറ്റുകള്‍ മാത്രമാണ് അസ്പയര്‍ സോണിലെ കോംപറ്റീഷന്‍ കോംപ്ലക്സിലും ഗ്രാന്‍ ഫൈനല്‍ നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും കയറാന്‍ ഉപയോഗിക്കാനാവുക. വെറുമൊരു ടിക്കറ്റിങ് ആപ്പ് മാത്രമല്ലിത്. ഇതിലൂടെ മാച്ച് ദിവസത്തിലെ നോട്ടിഫിക്കേഷനുകള്‍ വായിക്കുന്നതിനും മറ്റു വിവരങ്ങള്‍ അറിയുന്നതിനും സാധിക്കും. ഇനി ഖത്തറില്‍ നടക്കുന്ന രാജ്യാന്തര കായിക പരിപാടികള്‍ക്കെല്ലാം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഈ ആപ്പ് മാത്രം മതിയാകും.

