സിഡ്‌നിയില്‍ ചരിത്രമെഴുതി ദില്‍ജിത് ദിശാങ്ക്, കോംബാങ്ക് സ്‌റ്റേഡിയം ഇന്ത്യന്‍ ഈണങ്ങളില്‍ ത്രസിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മണ്ണില്‍, സിഡ്‌നിയുടെ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ഗായകന്‍ ചരിത്രമെഴുതി. സിഡ്‌നിയിലെ കോംബാങ്ക് സ്‌റ്റേഡിയം നിറഞ്ഞ കവിഞ്ഞ ശ്രോതാക്കളെ ആകാശത്തോളം ആവേശം കൊള്ളിച്ച് സൂപ്പര്‍ സ്റ്റാര്‍ ഇന്ത്യന്‍ ഗായകന്‍ ദില്‍ജിത് ദിശാങ്ക് എഴുതിയത് സമാനതകളില്ലാത്ത ചരിത്രം. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഒരു വന്‍സ്റ്റേഡിയം നിറയെ ആസ്വാദകരെയെത്തിച്ച് ഗാനമേള നടത്തുന്ന ഇന്ത്യന്‍ ഗായകനായി ദിശാങ്ക് മാറി. ഓറ ടൂര്‍ 2025 ന്റെ ഭാഗമായാണ് ഇദ്ദേഹം പരമാറ്റയിലെ കോംബാങ്ക് സ്‌റ്റേഡിയത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ ഞായറാഴ്ച രാത്രി എത്തിയത്.

ലൈവ് ബാന്‍ഡിനു പുറമെ അനുഗൃഹീത നര്‍ത്തകരുടെ നൃത്തവും എല്‍ഇഡി ബാക്ക്‌ഡ്രോപ്പും ഗാനമേളയെ വേറിട്ട തലത്തിലേക്കുയര്‍ത്തി. ലവര്‍, ഗോട്ട്, ബോണ്‍ ടു ഷൈന്‍,. കുഫാര്‍ ആന്‍ ചാമര്‍ തുടങ്ങിയ ഹിറ്റ് സിനിമകളിലെ പാട്ടുകള്‍ക്കു പുറമെ ഏറ്റവും പുതിയതായി ചിട്ടപ്പെടുത്തിയ നിരവധി ഗാനങ്ങളും ദില്‍ജിതിന്റെ കേള്‍വിക്കാരെ ആവേശം കൊള്ളിച്ചു.

സിഡ്‌നിക്കു ശേഷം മെല്‍ബണിലും അഡലൈഡിലും പെര്‍ത്തിലും സ്റ്റേജ് ഷോകളും ഗാനമേളയുമായാണ് ദില്‍ജിത്ത് ഓസ്‌ട്രേലിയയില്‍ ഓറ ടൂര്‍ 2025 ല്‍ എത്തിയിരിക്കുന്നത്. ഇന്ത്യയിലും എവിടെയെല്ലാം ഇന്ത്യക്കാരുണ്ടോ അവിടെയെല്ലാം ലക്ഷക്കണക്കിന് ആരാധകരും ആസ്വാദകരുമുള്ള ദില്‍ജിത്ത് ചലച്ചിത്ര നടനും ചലച്ചിത്ര നിര്‍മാതാവും കൂടിയാണ്. ഇന്ത്യന്‍ സംഗീതത്തിന് ഓസ്‌ട്രേലിയയില്‍ നിറയെ ആരാധകരെയാണ് അടുത്ത കാലത്തായി കിട്ടിപ്പോരുന്നത്. എല്ലാ നഗരങ്ങളിലും ചെറുതും വലുതുമായ ഗാനമേളകള്‍ നിറഞ്ഞ സദസില്‍ തന്നെയാണ് നടന്നു പോരുന്നത്. ഇതിനു മുമ്പ് ദില്‍ജിതിന്റെ പരിപാടിക്ക് ഒപ്പം വരുന്ന രണ്ടു ഗാനമേളകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഗായകര്‍ക്കു നടത്താന്‍ കഴിഞ്ഞിട്ടുള്ളത്. സോനു നിഗം സിഡ്‌നിയിലെ ഓപ്പറ ഹൗസില്‍ നടത്തിയ ഗാനമേളയും എ ആര്‍ റഹ്‌മാന്‍ മെല്‍ബണിലെ റോഡ് ലാവര്‍ അരീനയില്‍ നടത്തിയ ഗാനമേളയുമായിരുന്നു അവ.

Leave a Reply

Your email address will not be published. Required fields are marked *