സിഡ്‌നിയില്‍ വ്യാജ പോലീസ് പിടിയില്‍, തോക്കുകളും ബാഡ്ജുകളും കൊക്കെയ്‌നും പിടിച്ചെടുത്തു

സിഡ്‌നി: പോലീസിന്റെ ഔദ്യോഗിക മുദ്രയും ബാഡ്ജും ഉപയോഗിക്കുകയും അനധികൃതമായി ആയുധങ്ങള്‍ കൈവശം വയ്ക്കുകയും ചെയ്ത വ്യാജ പോലീസ് സിഡ്‌നിയില്‍ പിടിയില്‍. അമ്പതു വയസ് പ്രായമുള്ള ഇയാളെ പരമാറ്റ കോടതിയില്‍ ഹാജരാക്കി. ഇയാളുടെ താമസ സ്ഥലത്തു നടത്തിയ പരിശോധനയില്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെ മുദ്ര പതിച്ച ടീഷര്‍ട്ടുകള്‍, തൊപ്പികള്‍, പോലീസ് ഉപയോഗിക്കുന്ന തോക്കുകളുടെ മാതൃകയിലുള്ള വെടിക്കോപ്പുകള്‍, ജെല്‍ ബ്ലാസ്റ്ററുകള്‍, വളരെ കൂടിയ അളവില്‍ സ്റ്റിറോയ്ഡുകള്‍, പതിനാലു ഗ്രാം കൊക്കെയ്ന്‍ എന്നിവ കണ്ടെടുത്തു. ഡബിള്‍ ബേ സ്വദേശിയാണിയാള്‍.

നിയമ പാലന സംവിധാനത്തെയോ നിയമപാലനത്തെയോ അനുകരിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്നും എഎഫ്പി ഡിറ്റക്ടീവ് സൂപ്രണ്ട് പീറ്റര്‍ ഫോഗാര്‍ട്ടി പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെ ഒരു ബാഡ്ജും ഐഡന്റിഫിക്കേഷന്‍ കാര്‍ഡും കഴിഞ്ഞയാഴ്ച ബോണ്ടി പോലീസ് സ്‌റ്റേഷനില്‍ ലഭിക്കുകയുണ്ടായി. അതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച ഐഡി കാര്‍ഡിന്റെ പിന്നില്‍ ഒട്ടിച്ചു വച്ച നിലയില്‍ ചെറിയൊരംശം കൊക്കെയ്ന്‍ കൂടി ലഭിച്ചതോടെയാണ് പോലീസ് ്‌വിപുലമായ അന്വേഷണം ആരംഭിച്ചത്.

ഐഡി കാര്‍ഡിലെ പേരു വച്ചുള്ള അന്വേഷണത്തിലാണ് ഡബിള്‍ ബേയിലെ ഇയാളുടെ മേല്‍വിലാസത്തിലേക്കു വഴിതെളിച്ചത്. അനധികൃതമായി ആയുധം കൈവശം വച്ചതിനും നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിനും കോമണ്‍വെല്‍ത്ത് ജനസവേകരായി തെറ്റിദ്ധരിപ്പിച്ചതിനുമാണ് ഇയാളുടെ പേരില്‍ കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *